
കണ്ണൂർ: കേവലഭൂരിപക്ഷത്തിന് 71 സീറ്റുകൾ വേണ്ടപ്പോൾ 35 സീറ്റുകൾ മതി സർക്കാരുണ്ടാക്കാനെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്‌താവനയ്‌ക്ക് പരിഹാസം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഞങ്ങൾക്ക് 35 സീറ്റ് കിട്ടിയാൽ മതി ബാക്കി ഞങ്ങളങ്ങ് ഉണ്ടാക്കിക്കൊളളും, ഭരണത്തിൽ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും? അതാണ് അവർക്ക് കോൺഗ്രസിലുളള വിശ്വാസം.' ധർമ്മടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചു.
തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്ന് അവർ ചിന്തിക്കുന്നതായും ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ അയക്കണോ എന്ന് യുഡിഎഫിനെ പിന്താങ്ങുന്നവർ ചിന്തിക്കുകയാണ്. വഞ്ചിതരാകരുതെന്ന് അവർ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പ്രസംഗിച്ചു. രാഹുൽഗാന്ധി പറഞ്ഞിട്ടുപോലും കേന്ദ്രസംഘത്തെ കേരളത്തിലെ കോൺഗ്രസുകാർ സ്വാഗതം ചെയ്‌തു. കേന്ദ്ര ഏജൻസികൾ എത്തിയപ്പോൾ കോൺഗ്രസ് ഹല്ലേലൂയ പാടിയാണ് സ്വീകരിച്ചതെന്നും പിണറായി വിജയൻ പരിഹസിച്ചു.