
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് വാർത്താ മാദ്ധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷനായത്. എന്നാൽ, ഇപ്പോൾ ചൈനയിലെ ഒരു ഇ-കൊമേഴ്സ് സൈറ്റ് വിൽപനയ്ക്ക് എത്തിച്ച ഡൊണാൾഡ് ട്രംപിന്റെ ബുദ്ധ പ്രതിമയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ട്രംപ് ഒരു ബുദ്ധ ഭാവത്തിൽ ഇരിക്കുന്ന തരത്തിലാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്. തൂവെള്ള നിറമുള്ള ‘ട്രംപ്-ബുദ്ധ’ പ്രതിമ.ബുദ്ധനെപ്പോലെ ട്രംപ് ഇരിക്കുന്നതും മുഖം താഴ്ത്തി കൈകൾ മടിയിൽ വച്ചിരിക്കുന്നതും ശാന്തമായ പ്രഭാവലയത്തിലാണ്. പ്രതിമ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ ടാവോബാവിലാണ്. 18 ഇഞ്ച് വലുപ്പമുള്ള പ്രതിമയ്ക്ക് 3,999 യുവാൻ ഏകദേശം 44,707 രൂപയാണ് വില. 6 ഇഞ്ച് വലിപ്പമുള്ള ചെറിയ പ്രതിമയ്ക്ക് 999 യുവാനാണ് (11168 രൂപ) വിലയിട്ടിരിക്കുന്നത്.
ബുദ്ധമതത്തേക്കാൾ നന്നായി എല്ലാവർക്കുമറിയാവുന്ന ട്രംപ് എന്നാണ് വിൽപ്പനക്കാരൻ ഈ പ്രതിമക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ട്രംപിന്റെ ചിത്രം പ്രിന്റ് ചെയ്ത മാസ്ക്, ചെറിയ പ്രതിമകൾ, തൊപ്പികൾ, സോക്സ് എന്നിവയ്ക്ക് വിപണിയിൽ വൻ ഡിമാന്റാണ്. നൂറ് ട്രംപ് പ്രതിമകളാണ് വിൽപനക്കായി വച്ചത്, ഇതിൽ ഡസനോളം പ്രതിമകൾ വിറ്റുപോയതായി വിൽപനക്കാരനെ ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരും ഒരു തമാശയ്ക്കാണ് ഈ പ്രതിമകൾ വാങ്ങുന്നതെന്നാണ് വിൽപ്പനക്കാരൻ പറയുന്നത്. ചൈനീസ് ഫർണിച്ചർ നിർമ്മാതാക്കളായ കമ്പനിയാണ് പ്രതിമ ആദ്യം പുറത്തിറക്കിയത്. പിന്നീട് ചൈനീസ് ഇ-കൊമേഴ്സ് സൈറ്റുകൾ പ്രതിമ ഏറ്റെടുക്കുകയായിരുന്നു.