pv-anwar

കൊച്ചി: പി.വി അൻവർ എം.എൽ.എ ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതെന്താണെന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണ നയമനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി കൈവശം വയ്‌ക്കാവുന്ന ഭൂമി 15 ഏക്കറാണ് എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 207 ഏക്കർ ഭൂമിയാണ് കൈവശമുള‌ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അൻവർ തന്നെ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിനെതിരെ മലപ്പുറം സ്വദേശി കെ.വി ഷാജി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയത്.

സത്യാവാങ്‌മൂലത്തിലെ വിവരം വിവാദമായപ്പോൾ കോഴിക്കോട്, മലപ്പുറം ജില്ലാ കളക്‌ടർമാർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഭൂമി സംസ്ഥാന ലാൻഡ് ബോർഡ് തിരിച്ചുപിടിക്കണമെന്ന് ഉത്തരവ് നൽകിയിട്ട് മൂന്ന് വർഷമായെങ്കിലും ഒരു സെന്റ് ഭൂമിയും തിരിച്ചെടുത്തിട്ടില്ല.

അനധികൃതമായി ഭൂമി കൈവശം വച്ചതിന് എം.എൽ.എയ്‌ക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് വിശദികരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ലാൻഡ് ബോർഡ് സെക്രട്ടറി, ജില്ലാ കളക്‌ടർ എന്നിവരാണ് വിശദീകരണം നൽകേണ്ടത്. തുടർ നടപടികൾ എടുക്കാൻ തടസം എന്താണെന്ന് സർക്കാരിനോടും വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.