
തിരുവനന്തപുരം: മീനമാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം പതിനായിരം പേർക്ക് പ്രവേശിക്കാൻ അനുമതി. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രമായിരിക്കും പ്രവേശനം. പതിനഞ്ച് മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കൊവിഡ് പശ്ചാത്തലത്തിൽ മണ്ഡല മകര വിളക്ക് കാലത്ത് 1000 പേർക്കാണ് പ്രതിദിനം ദർശനത്തിന് അനുമതി നൽകിയിരുന്നത് പിന്നീട് കോടതി ഇടപെട്ടാണ് 5000 ആക്കിയത്. കുംഭമാസ പൂജയ്ക്കു നടതുറന്ന ഫെബ്രുവരിയിലെ അഞ്ചു ദിവസങ്ങളിൽ 25000 പേർ രജിസ്റ്റർ ചെയ്തതിൽ 10049 പേർ മാത്രമായിരുന്നു എത്തിയത്. 14951 പേർ എത്തിയില്ല. ഇതിനെത്തുടർന്ന് പ്രതിദിനം 5000 പേർക്കു ദർശനം അനുവദിച്ചതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്നും സ്‌പെഷൽ കമ്മിഷണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.