
ജനീവ: കൊവിഡ് മഹാമാരി ചൈനയിലെ വുഹാൻ ലാബിൽ നിന്ന് പടർന്നതാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞർ. ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്ദ്ധ സംഘമാണ് ഇത് വ്യക്തമാക്കിയത്. ചൈനയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന ഇറച്ചി വ്യാപാരമായിരിക്കാം കൊവിഡിന് കാരണമായതെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ദ്ധ സംഘം നടത്തിയത്. അന്വേഷണത്തിൽ വൈറസിനെ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.വുഹാനിലെ വന്യജീവി മാർക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുള്ള പ്രദേശങ്ങളും തമ്മിലുള്ള ഒരു 'ബന്ധം തങ്ങൾക്ക് കണ്ടെത്താനായെന്നും വിദഗ്ദ്ധർ പറയുന്നു. ചൈനയിൽ ആദ്യം കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത് ഈ മാർക്കറ്റിലാണ്.
ഹ്വാനൻ മാർക്കറ്റിന് സമീപമുള്ള മൂന്ന് ലാബോറട്ടറികളിൽ തങ്ങൾ സന്ദർശനം നടത്തിയതായി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ റോട്ടർഡാമിലെ വൈറോസയൻസ് മേധാവി മരിയോണ്‍ കൂപ്മാൻപറഞ്ഞു. അതേസമയം, മിഷൻ വുഹാൻ ദൗത്യവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോർട്ട് അടുത്ത ആഴ്ച അന്വേഷണസംഘം പ്രസിദ്ധീകരിക്കും.
അതേസമയം. വൈറസിന്റെ ഉത്ഭവം എത്രയും പെട്ടെന്ന് കണ്ടെത്തിയേക്കുമെന്ന് ചൈന സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര സംഘത്തിലെ ഒരു പ്രമുഖ അംഗം വ്യക്തമാക്കി. മൃഗങ്ങളിൽ നിന്ന് എങ്ങനെയാണ് വുഹാനിലെ ആളുകളിലേക്ക് മാരക വൈറസ് പടർന്നതെന്ന് കൂട്ടായ ശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെൽത്ത് അലയൻസ് പ്രസിഡന്റ് പീറ്റർ ദാസ്സാക്ക് പറഞ്ഞു. കൊവിഡ് വുഹാനിലെത്തിയതിന് ഏറ്റവും വലിയ വിശദീകരണമായി ചൂണ്ടിക്കാട്ടാൻ കഴിയുന്നത് അവിടുത്തെ വന്യജീവി വ്യാപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിയു.എച്ച്.ഒയുമായി സഹകരിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി
കൊവിഡ് വിഷയത്തിൽ ചൈന സുതാര്യവമാണെന്നും വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാംഗ് വ്യക്തമാക്കി. ആഗോള ആരോഗ്യ അനിശ്ചിതത്വമായ കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചറിയാൻ മറ്റ് രാജ്യങ്ങളെപ്പോലെ ചൈനയും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൈന സജീവമായി ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്ഭവത്തെക്കുറിച്ച് പഠിക്കാനായി ചൈനയിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് സി.ജി.ടി.എൻ റിപ്പോർട്ട് ചെയ്തു.
ഉത്ഭവം കണ്ടെത്തുന്നത് സങ്കീർണമായ ഒരു ശാസ്ത്രീയ കാര്യമാണെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും നിരന്തരമായ ഗവേഷണവും ആവശ്യമാണ്.കൊവിഡ് മനുഷ്യരാശിയുടെ പൊതു ശത്രുവാണ്, ഇത് ആഗോള സമൂഹത്തിലെ നിരവധി പേരെ ബാധിച്ചിട്ടുണ്ട്. വൈറസിനെതിരെ വിജയം നേടാൻ എല്ലാ രാജ്യങ്ങളും കൈകോർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു - ലി പറഞ്ഞു.