indian-gandhian-party

തിരുവനന്തപുരം: വെറും ഒരു രൂപ അംഗത്വഫീസായി നൽകിയാൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ നിങ്ങൾക്കും സ്ഥാനാർത്ഥിയാകാം. ഇങ്ങനെയൊരു എസ്.എം.എസ് നമ്മളിൽ പലർക്കും വന്നിട്ടുണ്ടാകാം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരസ്യമാണത്.

സംരംഭകത്തിലൂടെ വികസിത ഇന്ത്യ എന്ന കാഴ്‌ചപ്പാട് പങ്കുവച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന വസ്‌തുക്കളുടെ വിൽപനയ്‌ക്ക് അവസരം ഒരുക്കും. ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ സ്വീകാര്യത വരുത്തുകയുമാണ് ഈ നവീന ആശയത്തിന് പിന്നിലെന്ന് പറയുന്ന പാർട്ടി തിരഞ്ഞെടുപ്പ് കോ ഓ‌ർഡിനേ‌റ്റർ യു.എസ് ആഷിൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ മോദിക്കെതിരെ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി മത്സരിച്ചിരുന്നു. യു.എസ് ആഷിൻ തന്നെയാണ് അന്ന് മത്സരിച്ചത്.

ചെറുസംരംഭങ്ങളിലൂടെ ജനങ്ങൾക്ക് ജോലി ലഭിക്കുകയും അടിസ്ഥാനപരമായ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം മാറുകയും ചെയ്യുമെന്നാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ കാഴ്‌ചപ്പാട്. നിലവിൽ പതിനായിരത്തോളം അംഗങ്ങളുള‌ള പാർട്ടിയിൽ അംഗത്വം ലഭിക്കാൻ ഒരു രൂപ മെമ്പർഷിപ്പിലൂടെ സാധിക്കും. സ്ഥാനാർത്ഥിത്വത്തിന് അതാത് മണ്ഡലങ്ങളിൽ വേണ്ട പത്ത് വികസന പദ്ധതികൾ തയ്യാറാക്കി പാർട്ടിക്ക് അയക്കണം. പത്ത് അംഗ മണ്ഡലം കമ്മി‌റ്റിയും ജില്ലാ കമ്മി‌റ്റിയും ചേർന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കും.

ഇത്തവണ തിരഞ്ഞെടുപ്പിന് 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മുൻപ് തിരഞ്ഞെടുപ്പുകളിൽ തൃശൂർ, എറണാകുളം മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുണ്ട്. 9895621248 എന്ന നമ്പരിലെ വാട്‌സാപ്പിൽ അനുകൂല സന്ദേശങ്ങൾ വന്ന് നിറഞ്ഞതായും പാർട്ടി തിരഞ്ഞെടുപ്പ് കോ ഓ‌ർഡിനേ‌റ്റർ യു.എസ് ആഷിൻ അറിയിച്ചു.