
ആത്മീയതയുടെ ലാഭം ലോകത്തിലെല്ലാവർക്കും ലഭിക്കണമെന്ന ആഗ്രഹവുമായി ജീവിച്ച രാജയോഗിനി ബ്രഹ്മാകുമാരി ഡോ. ഹൃദയമോഹിനിജി ഈശ്വരന്റെ മടിയിലേക്ക് യാത്രയായിരിക്കുന്നു. വനിതകളാൽ നയിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമായ ബ്രഹ്മാകുമാരീസിന്റെ ആഗോള പ്രശാസികയായിരുന്ന ദാദിജി 'പൂച്ചെണ്ട് ' എന്നർത്ഥം വരുന്ന 'ഗുൽസാർജി ' എന്ന ഓമനപ്പേരിലാണ് വിളിക്കപ്പെട്ടിരുന്നത്.
1936ൽ ബ്രഹ്മാകുമാരീസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പ്രജാപിതാ ബ്രഹ്മാബാബയുടെ ശിക്ഷണത്തിൽ ആത്മീയതയിലേക്ക് ആകർഷിക്കപ്പെട്ട ദാദിജിയുടെ ജീവിതം അനേകംപേർക്ക് ആശ്വാസം പകർന്നു. ദാദിജി 112 ലോകരാഷ്ട്രങ്ങൾ സഞ്ചരിച്ച് ഭാരതത്തിന്റെ ആത്മീയതത്വങ്ങൾ പ്രചരിപ്പിച്ചു. 2020ൽ മുഖ്യപ്രശാസികയായിരുന്ന ദാദി ജാനകിജിയുടെ ദേഹവിയോഗശേഷമാണ് മുഖ്യപ്രശാസികയായി സ്ഥാനമേറ്റത്. സ്ത്രീകളിലെ ആത്മീയശക്തി ഉണർത്തിയെടുത്ത് സമൂഹനന്മയ്ക്കായി ഉപയോഗിക്കാൻ ദാദി പ്രചോദനം നൽകി.
ദാദിജിയുടെ പ്രവർത്തനങ്ങളെ ആദരിച്ച് 2017ൽ നോർത്ത് ഒഡീഷ
യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ദാദിജി പല പ്രാവശ്യം കേരള സന്ദർശനം നടത്തിയിട്ടുണ്ട്. മൗണ്ട് അബുവിലെ ബ്രഹ്മാകുമാരീസ് ആസ്ഥാനത്ത് ഒരിക്കലെങ്കിലും ദാദിജിയെ കണ്ടിട്ടുള്ളവർ ദാദിജിയുടെ ദൃഷ്ടിയും പ്രഭാഷണവും ഒരിക്കലും മറക്കില്ല. മിതമായി മാത്രം സംസാരിക്കുന്ന ദാദിജിയുടെ സ്വരം ഹൃദയസ്പർശിയായിരുന്നു.
എല്ലാവരോടും സമഭാവനയോടെ ഇടപെട്ടിരുന്ന ദാദിജി ഈശ്വരനുവേണ്ടി തന്നെ പൂർണമായും സമർപ്പിച്ചിരുന്നു. ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന കഷ്ടതകൾ എങ്ങനെ സ്വന്തം ആത്മീയശക്തിയിലൂടെ പരിഹരിക്കാമെന്ന് ദാദിജി പഠിപ്പിക്കുന്നു. ലോകത്തെ എങ്ങനെ തനിക്ക് വേണ്ടി ഉപയോഗിക്കാമെന്നു ചിന്തിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി, തന്നെ എങ്ങനെ ലോകത്തിന് ഉപയോഗപ്രദമാക്കാമെന്ന് ചിന്തിക്കുന്നവരിൽ ഒരാളായിരുന്നു ദാദി ഹൃദയമോഹിനിജി.
(ലേഖിക ബ്രഹ്മാകുമാരീസ് തിരുവനന്തപുരം ജില്ലാ മേധാവിയാണ്)