pune

മഹാരാഷ്ട്ര: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം. രാത്രി 11 മണിമുതൽ പുലർച്ചെ ആറു മണിവരെയാണ് നിരോധനാജ്ഞ. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലേകാൽ ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് നടപടി.

മാർച്ച് 31 വരെ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. രാത്രി പത്തു മണിമുതൽ രാവിലെ ആറു മണിവരെ ബാർ, ഹോട്ടൽ, മാളുകൾ, തീയറ്ററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. വൈകുന്നേരങ്ങളിൽ പാർക്കുകളും അടയ്ക്കുന്നതായിരിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളിൽ 19 ശതമാനം കേസുകളും പൂനെയിലാണുളളത്. പുതിയ കേസുകളിൽ പകുതിയിലധികവും പൂനെ കോപ്പറേഷനിലാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

നാഗ്പുർ, പൂനെ, താനെ,മുംബയ്, ബംഗളൂരു, എറണാകുളം, അമരാവതി, ജൽഗാവ്, നാസിക്, ഔറൻഗാബാദ് ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ ഉളളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കിയിരുന്നു.