
സുധീഷും മാലിക് ഷായും വിദേശത്ത് ഒരേസ്ഥാപനത്തിലാണ്. പാകിസ്ഥാൻകാരനാണ് ഷാ. ലതാമങ്കേഷ്ക്കറുടേയും ഗാന്ധിജിയുടെയും കടുത്ത ആരാധകൻ. സുധീഷ് ദൈവത്തിന്റെ നാടായ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞത് മുതൽ പ്രത്യേക സ്നേഹം. ഇരുവരും ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മാതാക്കളെപ്പറ്റി. ഷായുടെ ഉമ്മ കടുത്ത ആസ്തമ രോഗി. പത്തിരുപത് വർഷമായി ഗൾഫിലാണെങ്കിലും കാര്യമായ സമ്പാദ്യമൊന്നുമില്ല. ഉമ്മയുടെ ചികിത്സയ്ക്ക് തന്നെ വേണം നല്ലൊരു തുക. ഭാര്യയും രണ്ടുമക്കളുമായെങ്കിലും സ്വന്തമായി ഒരു വീട് ഇപ്പോഴും സ്വപ്നം മാത്രം. സുധീഷ് സഞ്ചാരപ്രിയനാണ്. മറ്റു രാജ്യങ്ങൾ അവിടത്തെ സംസ്കാരം, ആചാരങ്ങൾ എന്നിവ അറിയാൻ പ്രത്യേക താത്പര്യം.
ഇന്ത്യ - പാകിസ്ഥാൻ ബന്ധത്തെപ്പറ്റിയോ ശത്രുതയെപ്പറ്റിയോ ഇരുവരും സംസാരിക്കാറില്ല. ഒഴിവ് കിട്ടുമ്പോൾ കുടുംബബന്ധങ്ങളെപ്പറ്റി പറയും. പാകിസ്ഥാനികളെ അത്ര വിശ്വസിക്കരുത്. ചാരനോ ഭീകരനോ എന്ന് ആർക്കറിയാം എന്നൊക്കെ സുധീഷിന്റെ സുഹൃത്തുക്കൾ ഉപദേശിക്കാറുണ്ട്. ഒത്ത തടിയും ആരോഗ്യവുമുണ്ടെങ്കിലും തൊട്ടാവാടിയുടെ മനസാണ് ഷായ്ക്ക്. ചിലരുടെ വേർപാടുകൾ ഫോണിലൂടെ അറിയുമ്പോൾതന്നെ തളർന്നു പോകും. നാട്ടിലെ അനാഥാലയത്തിന് വേണ്ടി ഇടയ്ക്കിടെ പണം അയക്കും. ബുദ്ധിമുട്ട് വരുമ്പോൾ സുധീഷിനോട് ചോദിക്കും. കൃത്യമായി തിരിച്ചുനൽകുകയും ചെയ്യും. കേരളത്തിലെ ചില പുഴകളുടെയും മലകളുടെയും പേരുകൾ ഷാ പ്രത്യേകസ്വരത്തിൽ പറയുമ്പോൾ സുധീഷ് ചിരിച്ചുപോകും. ഷായുടെ വീടിനുമുന്നിലുള്ള കടലാസ് പൂക്കളും പൊളിഞ്ഞ ഗേറ്റും സുധീഷ് ഇടയ്ക്കിടെ ഓർമ്മിക്കാറുണ്ട്. എന്നെങ്കിലും പാകിസ്ഥാനിലേക്ക് വരണം. വീട്ടിൽ ഉമ്മ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കണം. അല്ലാഹു അതിനനുവദിക്കട്ടെ എന്ന് ഷാ ഒരിക്കൽ പറഞ്ഞപ്പോൾ സുധീഷ് ഗദ്ഗദകണ്ഠനായി.
അടുത്തയാഴ്ച അമ്മയുടെ ചികിത്സയ്ക്കുവേണ്ടി സുധീഷിന് നാട്ടിലേക്ക് വരേണ്ടിവന്നു. രണ്ട് ബോക്സുകൾ എയർപോർട്ടിൽ വച്ച് ഷാ സുധീഷിനെ ഏല്പിച്ചു. പേടിക്കേണ്ട. അമ്മയ്ക്ക് കൊടുക്കണം. പാകിസ്ഥാനിലെ മകൻ തന്നയച്ചതാണെന്ന് പറയണം. സ്നേഹത്തിന് ഈന്തപ്പഴത്തിന്റെ രുചിയാണോ ചെറിപ്പഴത്തിന്റെ സ്വാദാണോ അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കുമ്പോൾ ഷായെപ്പറ്റിയുള്ള വിശേഷങ്ങൾ സുധീഷ് പങ്കുവയ്ക്കുമായിരുന്നു. അമ്മയ്ക്കും അത് കേൾക്കാൻ പ്രത്യേക ഉത്സാഹം. മിക്കവാറും ദിവസം രോഗവിവരം അറിയാൻ ഷാ വിളിക്കുമായിരുന്നു.
രണ്ടുമാസത്തെ അവധികഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയപ്പോൾ ഷാ എന്തോ അത്യാവശ്യം പറഞ്ഞ് പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും ആ കടലാസ് പൂക്കൾക്കും പൊളിഞ്ഞ ഗേറ്റിനും സമീപം സുധീഷ് കാത്തുനിൽക്കും. പ്രതീക്ഷയോടെ...
(ഫോൺ: 9946108220)