
ടെൽ അവീവ്: കഴിഞ്ഞ രണ്ടു വർഷത്തിനിടെ അയൽ രാജ്യമായ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരെയെങ്കിലും ഇസ്രയേൽ ബോംബ് വർഷിച്ചെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. നേരിട്ട് ബോംബുവർഷം നടത്തുന്നതിന് പകരം
ജല കുഴിബോംബുകൾ സ്ഥാപിച്ചും മറ്റുമാണ് ഇവക്കെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ കപ്പലുകളാണ് കൂടുതൽ ആക്രമണം നേരിട്ടത്.
സിറിയയിലെ ഇറാൻ ഇടപെടൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി തവണ ബോംബാക്രമണങ്ങൾ നടത്തിയതിന്റെ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും തിരിച്ചറിഞ്ഞ് ഇസ്രയേൽ ആക്രമണം നടത്തി. തകർന്നില്ലെങ്കിലും ആക്രമണ ഭീഷണിയുള്ളതിനാൽ തിരിച്ചുപോകാൻ കപ്പലുകൾ നിർബന്ധിതമായെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേൽ മേഖലയിൽ സൈനിക നീക്കങ്ങൾ നടത്തുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഇസ്രയേലിന് പൂർണ പിന്തുണ നൽകിയിരുന്നു. എന്നാൽ, ജോ ബൈഡൻ എത്രകണ്ട് പിന്തുണക്കുമെന്ന ആശങ്ക ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുണ്ട്.