
ചെന്നൈ: ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. മകൻ ഉദയനിധി സ്റ്റാലിൻ ചെന്നൈ ചെപ്പോക്കിൽ നിന്ന് മത്സരിക്കും. കരുണാനിധി മൂന്ന് തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്.മുൻ മന്ത്രിമാർക്കും സിറ്റിംഗ് എം.എൽ.എമാർക്കുമെല്ലാം പരിഗണന നൽകിയാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥിപ്പട്ടിക.ഇന്നലെ അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം സ്റ്റാലിൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡോക്ടർമാർക്കും അഭിഭാഷകർക്കും പട്ടികയിൽ ഇടമുണ്ട്. യുവാക്കളെയും പരിഗണിച്ചു. 173 സ്ഥാനാർത്ഥികളിൽ 13 പേരാണ് വനിതകൾ.
മുഖ്യമന്ത്രി എടപ്പാടി പളനി സാ മിക്കെതിരെ സമ്പത്ത് കുമാർ, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ മുൻ അണ്ണാ ഡി.എം.കെ എം.എൽ.എ തങ്കത്തമിഴ് സെൽവൻ എന്നിവർ മത്സരിക്കും.
കമലഹാസൻ കോയമ്പത്തൂർ സൗത്തിൽ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമലഹാസൻ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. പാർട്ടിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെയ്ക്കാണ് കോയമ്പത്തൂർ സൗത്തിൽ വിജയം.മുൻ മുഖ്യമന്ത്രി എം.ജി.ആർ 9 വർഷം മുമ്പ് മത്സരിച്ച അലന്ദൂരിൽ നിന്ന് കമലഹാസൻ ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കന്യാകുമാരിയിൽ സുഭാ ചാൾസും, സിംഗനല്ലൂരിൽ ആർ.മഹേന്ദ്രനും വേലച്ചേരിയിൽ സന്തോഷ് ബാബുവും ടി നഗറിൽ പഴ കറുപ്പയ്യയും അലന്ദൂരിൽ ശരദ് ബാബുവും മത്സരിക്കും.