
യംങ്കൂൺ: മ്യാൻമറിൽ സൈനിക അട്ടിമറിയ്ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പട്ടാളം നടത്തിയ വെടിവയ്പ്പിൽ 10 പേർ മരിച്ചു. ഇതോടെ ആകെ മരണം 73 ആയെന്നാണ് റിപ്പോർട്ടുകൾ.സമാധാനമായി പ്രകടനം നടത്തുന്നവർക്കെതിരെ സൈന്യം ആയുധമെടുക്കുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. സൈന്യത്തിന്റെ നടപടികളെ അംഗ യു.എൻ സുരക്ഷ സമിതിയും ശക്തമായി അപലപിച്ചു. മ്യാന്മറിലെ ഒട്ടുമിക്ക നഗരങ്ങളിലും വ്യാപക പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇതിനെ അടിച്ചമർത്താൻ സൈന്യം രംഗത്തുണ്ട്. സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂ ചി അടക്കം 1700ലധികം പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സൂ ചി ആറു ലക്ഷം ഡോളറിന്റെ അനധികൃത സ്വത്തുക്കൾ കൈപ്പറ്റിയിട്ടുണ്ടെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സാവ് മിൻ തുൻ വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് വിൻ മൈന്റും നിരവധി കാബിനറ്റ് മന്ത്രിമാരും അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവർ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമ്മർദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആരോപണങ്ങൾ മൂലം സൂ ചിയുടെ തടവ് നീണ്ടേക്കാം.