
വിഭവങ്ങളിൽ ധോണി കിച്ചടിയും, കോഹ്‌ലി ഖാമെനും
ഗാന്ധിനഗർ: ഭക്ഷണവും ക്രിക്കറ്റും ഇന്ത്യക്കാർക്ക് ഹരമാണ്. എന്നാപ്പിന്നെ രണ്ടും കൂടി മിക്സ് ചെയ്താലോ. രണ്ടും കല്പിച്ച് അഹമ്മദാബാദിലെ കോട്യാർഡ് ബൈ മാരിയറ്റ് ഹോട്ടൽ രംഗത്തിറങ്ങി. ക്രിക്കറ്റ് സ്പെഷ്യൽ താലി മീൽസാണ് അവർ ഒരുക്കിയത്. ചെറിയ സദ്യയല്ല, അഞ്ചടി നീളമുള്ള ഒരു ഭീമൻ സദ്യ. പേര് 'മൊട്ടേര താലി മീൽസ്'. അടുത്തിടെ പുതുക്കിപ്പണിത ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോഡി സ്റ്റേഡിയം സ്ഥിതി ചെയുന്നത് അഹമ്മദാബാദിലെ മൊട്ടേര എന്ന സ്ഥലത്താണ്.
ക്രിക്കറ്റർ പാർഥിവ് പട്ടേൽ ആണ് മൊട്ടേറ താലി ചലഞ്ച് ഉദ്ഘാടനം ചെയ്തത്. മറ്റുള്ള താലി ചലഞ്ചുകളിൽ നിന്നും ഒരല്പം വ്യത്യസ്തമാണിത്. അഞ്ചടി നീളമുള്ള മോട്ടേര താലി കഴിക്കാൻ നിങ്ങളുടെ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ കൂടെക്കൂട്ടാം. പരമാവധി നാലുപേർ മാത്രം. മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ ഈ ഭീമൻ സദ്യ കഴിച്ചു തീർക്കണമെന്നതാണ് ചലഞ്ച്.
താലിയിലെ ഓരോ വിഭവങ്ങൾക്കും ക്രിക്കറ്റ് താരങ്ങളുടെ പേരാണ്. കോഹ്‌ലി ഖമാൻ, പാണ്ഡ്യ പത്ര, ധോണി ഖിച്ടി, ഭുവനേശ്വർ ഭാർത, രോഹിത് ആലു റഷില, ഷാർദുൽ ശ്രീഖണ്ഡ്, ബൗൺസർ ബസുണ്ടി, ഹാട്രിക് ഗുജറാത്തി ദാൽ, ഭൂമ്രാ ഭിണ്ടി സിംലമിർച്ച് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ചേർത്ത ഗുജറാത്തി വിഭവങ്ങൾ ആണ് താലിയിൽ. ഓരോ വിഭവങ്ങൾ ഒന്നിലധികം തവണ സദ്യയിൽ ഇടം പിടിച്ചിട്ടുമുണ്ട്. ലഘുഭക്ഷണങ്ങൾ, ബ്രെഡുകൾ, അപ്പറ്റൈസേർ, മെയിൻ കോഴ്സ്, മധുരപലഹാരങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തകർപ്പൻ പ്രകടനം ആഘോഷിക്കുന്ന 'ക്രിക്കറ്റ് റാസ്' ഉത്സവത്തിന്റെ ഭാഗമായാണ് മൊട്ടേര താലി അവതരിപ്പിച്ചത്.