
പ്രാരംഭ ഓഹരി വില്പനയ്ക്ക് ഒട്ടേറെ കമ്പനികളുടെ നിര
കൊച്ചി: കൊവിഡ് പ്രതിസന്ധി അയയുകയും കോർപ്പറേറ്റ് കമ്പനികൾ മികച്ച പ്രവർത്തനഫലം കാഴ്‌ചവയ്ക്കാൻ തുടങ്ങുകയും ചെയ്‌തതോടെ, ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും പ്രാരംഭ ഓഹരി വില്പനയുടെ (ഐ.പി.ഒ) പൂക്കാലം. ഐ.പി.ഒ വഴി ഓഹരി വിപണിയിൽ പ്രവേശിച്ച കമ്പനികൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയും ആവേശമുണ്ടാക്കുന്നു. കർശന ലോക്ക്‌ഡൗൺ പിൻവലിച്ചശേഷം നടപ്പുവർഷം ജൂലായ് - ഡിസംബറിൽ 16 കമ്പനികളാണ് ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവച്ചത്; ഇവ സംയുക്തമായി സമാഹരിച്ചത് 20,773.3 കോടി രൂപ.
കൊവിഡ് വ്യാപനത്തിന് മുമ്പ് 2020 മാർച്ച് ആദ്യവാരം എസ്.ബി.ഐ കാർഡ് ഐ.പി.ഒയിലൂടെ 10,355 കോടി രൂപ സമാഹരിച്ചിരുന്നു. പിന്നീട്, കൊവിഡ് ഭീതിവിതച്ചതോടെ ഐ.പി.ഒ വിപണി നിശ്‌ചലമായി. ഒട്ടുമിക്ക കമ്പനികളും ഐ.പി.ഒ മാറ്റിവച്ചു; ചില കമ്പനികൾ പിൻവലിച്ചു. അനുകൂല്യ സാഹചര്യത്തിന്റെ പിൻബലത്തിൽ 2021ൽ ഇതുവരെ 10 കമ്പനികൾ ചേർന്ന് 10,827 കോടി രൂപ നേടി.
തൃശൂർ ആസ്ഥാനമായുള്ള കല്യാൺ ജുവലേഴ്‌സ് ഉൾപ്പെടെ പത്തിലേറെ കമ്പനികളുടെ ഐ.പി.ഒ ഉടൻ നടക്കും. തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ഉൾപ്പെടെ നിരവധി കമ്പനികൾ ഐ.പി.ഒയ്ക്ക് സെബിയുടെ ഉൾപ്പെടെ അനുമതികളെല്ലാം നേടിക്കഴിഞ്ഞു. ഇവയും വൈകാതെ ഐ.പി.ഒയുടെ തീയതി പ്രഖ്യാപിക്കും.
കേരളത്തിന്റെ താരങ്ങൾ
കേരളത്തിൽ നിന്നുള്ള പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സിന്റെ ഐ.പി.ഒയ്ക്ക് 16ന് തുടക്കമാകും. 1,175 കോടി രൂപയാണ് കല്യാൺ ജുവലേഴ്‌സിന്റെ സമാഹരണലക്ഷ്യം. ഇസാഫ് ബാങ്കും ഐ.പി.ഒയ്ക്ക് സജ്ജമായിക്കഴിഞ്ഞു; 997 കോടി രൂപയാണ് ഇസാഫിന്റെ ലക്ഷ്യം. തീയതി പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.
കോടികളുടെ കിലുക്കം
കൊവിഡ് പ്രതിസന്ധി അയഞ്ഞതോടെ, സാമ്പത്തിക ഞെരുക്കത്തിന് അയവുവന്ന പശ്ചാത്തലത്തിലാണ് മാറ്റിവച്ചതുൾപ്പെടെയുള്ള ഐ.പി.ഒ നടപടികളുമായി നിരവധി കമ്പനികൾ സധൈര്യം മുന്നോട്ടുവന്നത്. കെമിക്കൽ രംഗത്തെ പ്രമുഖരായ അനുപം രസായൻ കമ്പനിയുടെ 760 കോടി രൂപയുടെ ഐ.പി.ഒ പുരോഗമിക്കുകയാണ്.
ലക്ഷ്‌മി ഓർഗാനിക് ഇൻഡസ്‌ട്രീസ്, ക്രാഫ്‌റ്റ്‌സ്മാൻ ഓട്ടോമേഷൻ, നസാറാ ടെക്‌നോളജീസ്, സൂര്യോദയ് ബാങ്ക് എന്നിവയും ഐ.പി.ഒ ലഹരിയിലാണ്. ഇവ സംയുക്തമായി സമാഹരിക്കുക 2,000 കോടി രൂപയ്ക്കുമേലാണ്. ബാർബീക്ക് നേഷൻ ഹോസ്‌പിറ്റാലിറ്റി, പുരാണിക് ബിൽഡേഴ്‌സ്, മോണ്ടികാർലോ, ജയ്‌കുമാർ കൺസ്‌ട്രക‌്ഷൻസ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, സെവൻ ഐലൻഡ്‌സ് ഷിപ്പിംഗ്, ഡാൽഡ ഡയറി തുടങ്ങിയ കമ്പനികളും ഐ.പി.ഒ പോരാട്ടത്തിന് സജ്ജരാണ്. ഒരുലക്ഷം കോടിരൂപയുടെ ഐ.പി.ഒയ്ക്കാണ് അടുത്ത സമ്പദ് വർഷത്തോടെ ഇന്ത്യ സാക്ഷിയാവുക.