
കൊല്ലം: മുൻമന്ത്രി ബാബു ദിവാകരൻ വർഷങ്ങൾക്ക് ശേഷം വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ ഇരവിപുരത്തെ എതിർസ്ഥാനാർത്ഥി സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ എം.നൗഷാദാണ്. ഇതോടെ സംസ്ഥാനത്ത് ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ഇരവിപുരം. ഇടത് - വലത് മുന്നണികളിൽ ചേക്കേറിയും പിളർന്നും പലതലവണ പിന്നോട്ട് പോയെങ്കിലും ആർ.എസ്.പിയുടെ സ്വാധീനം ജില്ലയിൽ അത്ര ചെറുതല്ല. നൗഷാദിനും മണ്ഡലത്തിൽ വലിയ സ്വാധീനമുള്ളതിനാൽ ഇരവിപുരത്ത് പൊടിപാറും പോരാട്ടമായിരിക്കും. ആർ.എസ്.പിയുടെ സമുന്നത നേതാവും മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെ മകനാണ് ബാബു ദിവാകരൻ. മൂന്ന് തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമായി. അച്ഛൻ മത്സരിച്ച മണ്ഡലത്തിൽ നിന്ന് മന്ത്രിയാവാൻ കഴിഞ്ഞ അപൂർവം മക്കളിൽ ഒരാൾ കൂടിയാണ്. 1987 ലാണ് ആദ്യ മത്സരം.1989ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 1996ലും 2001ലും കൊല്ലത്തുനിന്ന് നിയമസഭാംഗമായി. 2001ൽ തൊഴിൽ മന്ത്രിയായി.
ബേബി ജോണിന്റെ വിശ്വസ്തൻ
ആർ.എസ്.പി നേതാവ് ബേബിജോണിന്റെ വിശ്വസ്തനായിരുന്നു ബാബു ദിവാകരൻ. ആദ്യം ആർ.എസ്.പി പിളർന്നപ്പോൾ ബേബി ജോണിനൊപ്പം നിന്നെങ്കിലും ഷിബു ബേബിജോണുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പുതിയ പാർട്ടിയുണ്ടാക്കി, ആർ.എസ്.പി എം. 2006ൽ സി.പി എമ്മിന്റെ ഗുരുദാസനോട് തോറ്റു. തുടർന്ന് പുതിയ പാർട്ടി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. അതും കരയ്ക്കടുത്തില്ല. കുറെക്കാലം കോൺഗ്രസിൽ ചേർന്നെങ്കിലും ശോഭിക്കാനായില്ല.2016ൽ ബാബു ദിവാകരൻ മാതൃസംഘടനയായ ആർ.എസ്.പിയിലേക്ക് മടങ്ങിയെത്തി. പാർട്ടി മാന്യമായ സ്ഥാനമാണ് നൽകിയത്. കേരളത്തിൽ നിന്നുള്ള നാല് സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാളാക്കി.