whatsapp

ലോകത്തിൽ ഏ‌റ്റവും പേരുകേട്ട മെസേജിംഗ് ആപ്പായ വാട്‌സാപ്പ് ചില മികച്ച ഫീച്ചറുകൾ കൊണ്ടുവരാനുള‌ള ശ്രമത്തിലാണ്. ഫേസ്‌ബുക്ക് ഉടമസ്ഥതയിലായ ശേഷം മറ്റൊരു സമൂഹമാദ്ധ്യമ ആപ്പായ ഇൻസ്‌റ്റഗ്രാമിലെ ഷോട്ട് വീഡിയോ ഫീച്ചറായ റീൽസ് ഉൾപ്പെടുത്താനും വാട്‌സാപ്പ് ഗ്രൂപ്പിലെ ചാ‌റ്റുകൾ മ‌റ്റ് സമൂഹമാദ്ധ്യമങ്ങളിൽ കാണാവുന്ന സംവിധാനം കൊണ്ടുവരാനുമുള‌ള അണിയറ പ്രവർത്തനങ്ങൾ കമ്പനി നടത്തുകയാണ്. ഇതിനൊപ്പം രസകരമായ മ‌റ്റൊരു ഫീച്ചറും ഉൾപ്പെടുത്താനുള‌ള ശ്രമത്തിലാണ് വാട്‌സാപ്പ്.

വാട്‌സാപ്പിൽ സാധാരണയായി അയക്കാറുള‌ള ശബ്‌ദസന്ദേശങ്ങളുടെ വേഗം വർദ്ധിപ്പിക്കാൻ ഉപഭോക്താവിനെ സഹായിക്കുന്നതാണ് വരാൻ പോകുന്ന പുതിയൊരു ഫീച്ചർ. നിലവിലെതിനെക്കാൾ 2x സ്‌പീഡ് വർദ്ധിപ്പിക്കാനുള‌ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇത്തരത്തിൽ സ്‌പീഡിലെ വ്യതിയാനം വരുത്തുന്നത് സമൂഹമാദ്ധ്യമങ്ങളിൽ ആദ്യ സംഭവമല്ല. ടെലഗ്രാം ഈ പ്രത്യേകത 2018ൽ തന്നെ കൊണ്ടുവന്നതാണ്. എന്നാൽ വാട്‌സാപ്പ് കൊണ്ടുവരുന്ന ഫീച്ചറിൽ ഏതെല്ലാം തരത്തിലുള‌ള മാ‌റ്റമാണ് ഉണ്ടാകുകയെന്ന് കാത്തിരുന്ന് കാണണം. കമ്പനി ഇതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല എന്നത് തന്നെ കാരണം. ഐ‌ഒഎസ്, ആൻഡ്രോയിഡ് പ്ളാ‌റ്റ്‌ഫോമിൽ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.