
ന്യൂഡൽഹി: ആമസോൺ തലവൻ ജെഫ് ബെസോസിനെയും ടെസ്ല സ്ഥാപകൻ എലോൻ മസ്‌കിനെയും കടത്തിവെട്ടി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് സ്വരുക്കൂട്ടിയവരുടെ പട്ടികയിലാണ് അദാനി ഇരുവരെയും പിന്തളളി ഒന്നാമതെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി കൈയാളുന്നവരാണ് ജെഫ് ബെസോസും എലോൻ മസ്‌കും.
ബ്ലൂംബെർഗ് (ബ്ലൂംബെർഗ് ബില്യനയേഴ്സ് ഇൻഡെക്സ്) തയ്യാറാക്കിയ പട്ടികയിലാണ് അദാനി മുന്നിലെത്തിയിരിക്കുന്നത്. അദ്ദേഹം തന്റെ സമ്പത്തിന്റെ മൊത്തം മൂല്യത്തിൽ 16.2 ബില്യൻ ഡോളറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ അദാനിയുടെ സമ്പത്തിന്റെ മൊത്തം മൂല്യം 50 ബില്യൻ ഡോളറായി വർദ്ധിച്ചു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി. ബിസിനസ് പശ്ചാത്തലമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് സംരംഭകനായ ഇദ്ദേഹം അനുനിമിഷം തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡാറ്റ സെന്റർ ബിസിനസ് രംഗത്തേക്ക് കൂടി കടന്നതോടെ ടെക്‌നോളജി മേഖലയിലേക്കും അദാനി ഗ്രൂപ്പ് കാലെടുത്തുവെച്ചുകഴിഞ്ഞു.