
ആലപ്പുഴ: എൽ.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കടുത്തും എൽ.ഡി.എഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ വ്യക്തമാക്കി.
ശബരിമലയിൽ 2018ൽ നടന്ന സംഭവങ്ങളിൽ വിഷമമുണ്ടെന്നും അതുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇന്നലെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.. എന്നാൽ മന്ത്രിയുടേത് മുതലക്കണ്ണീർ ആണെന്നായിരുന്നു കോൺഗ്രസിന്റേയും ബി ജെ പിയുടേയും ആക്ഷേപം. പന്തളം രാജകുടുംബവും എൻ എസ് എസ് അടക്കമുളള സംഘടനകളും മന്ത്രിക്കെതിരെ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും എൽ..ഡി.എഫ് കൺവീനർ വിജയരാഘവൻ ഇന്നു പറഞ്ഞിരുന്നു..