starving-kids

ബംഗളൂരു: കർണാടകയിലെ 2.1 ലക്ഷം കുട്ടികൾ ഒഴിഞ്ഞ വയറുമായിട്ടാണ് സ്കൂളിലെത്തുന്നതെന്ന് പഠനം.

സർക്കാർ സ്‌കൂളുകളിലെ ആകെ വിദ്യാർത്ഥികളിലെ 6.4 ശതമാനം പേർ വിശപ്പിന്റെ രുചിയറിയുന്നവരാണ്. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക ഇവാലുവേഷൻ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം അർഹരായവർക്ക് പ്രഭാതഭക്ഷണം കൂടി നൽകണമെന്നാണ് ശുപാർശ. രാവിലെ ഭക്ഷണം കഴിക്കാതെ എത്തുന്ന വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്നുള്ള ഉച്ചഭക്ഷണം കൊണ്ടാണ് വിശപ്പടക്കുന്നത്.

ഇതിനുശേഷം മണിക്കൂറുകൾ കഴിഞ്ഞ് വീട്ടിൽനിന്നുള്ള രാത്രിഭക്ഷണമാണ് ഇവർക്ക് ലഭിക്കുക. നിർദ്ധന കുടുംബത്തിൽനിന്നുള്ളവർക്ക് പലപ്പോഴും രാത്രിയിലും ഭക്ഷണമുണ്ടാകില്ല.. ഒന്നുമുതൽ പത്താംതരം വരെ പഠിക്കുന്ന വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്.

49 ശതമാനം വിദ്യാർത്ഥികൾക്ക് സ്‌കൂൾ വിട്ട് വൈകിട്ട് വീട്ടിലെത്തുമ്പോൾ ലഘുഭക്ഷണം കിട്ടുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ വീടുകളിലാണ് ഇത്തരം സാഹചര്യം കൂടുതലുള്ളത്. വിശപ്പകറ്റാൻ കുട്ടികൾ രാത്രിവരെ കാത്തിരിക്കണം. നഗരമേഖലകളിൽ ഇക്കാര്യത്തിൽ താരതമ്യേന ഭേദപ്പെട്ട സാഹചര്യമാണുള്ളത്.

പോഷകാഹാരങ്ങൾപോലും ലഭിക്കാത്തത് കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്നും വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണംകൂടി ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. നേരത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരും ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൻതുക മാറ്റിവയ്ക്കേണ്ടിവരുമെന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.

ലോക്ക്ഡൗണിൽ സ്‌കൂളുകൾ അടച്ചിട്ടപ്പോൾ നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണംപോലും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.