
ന്യൂഡൽഹി: ഈവർഷം ലോകത്ത് സമ്പത്തിൽ ഏറ്റവുമധികം വർദ്ധന രേഖപ്പെടുത്തിയത് ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് തലവനുമായ ഗൗതം അദാനി. ലോകത്തെ ഏറ്റവും സമ്പന്നരായ ജെഫ് ബെസോസും എലോൺ മസ്കും പോലും അദാനിക്ക് പിന്നിലാണ്. ബ്ളൂംബെർഗിന്റെ 2021ലെ ശതകോടീശ്വര പട്ടികപ്രകാരം 1,620 കോടി ഡോളറാണ് (1.18 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തിയിലുണ്ടായ വർദ്ധന. അദ്ദേഹത്തിന്റെ ആകെ ആസ്തി 5,000 കോടി ഡോളറാണ് (3.63 ലക്ഷം കോടി രൂപ).
കൽക്കരി, തുറമുഖം, ഊർജം, വിമാനത്താവളം എന്നിങ്ങനെ വൈവിദ്ധ്യ ബിസിനസ് ശൃംഖലകളുള്ള അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരിമൂല്യം ഈവർഷം വർദ്ധിച്ചത് 90 ശതമാനം വരെയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ആസ്തിയിൽ ഈവർഷം 810 കോടി ഡോളറിന്റെ (58,868 കോടി രൂപ) വർദ്ധനയുണ്ടായി.
ആസ്തിക്കുതിപ്പ്
ബ്ളൂംബെർഗിന്റെ 2021ലെ പട്ടികപ്രകാരം 18,300 കോടി ഡോളർ (13.29 ലക്ഷം കോടി രൂപ) ആസ്തിയുമായി ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. വാർഷികാടിസ്ഥാനത്തിൽ ആസ്തി 759 കോടി ഡോളർ കുറഞ്ഞു. 18,000 കോടി ഡോളറുമായി (13.08 ലക്ഷം കോടി രൂപ) ടെസ്ല സി.ഇ.ഒ എലോൺ മസ്കാണ് രണ്ടാമത്; ആസ്തി വർദ്ധന 1,030 കോടി ഡോളർ. ലോക കോടീശ്വരന്മാരിൽ 26-ാം സ്ഥാനമാണ് ഗൗതം അദാനിക്ക്. പത്താമതാണ് മുകേഷ് അംബാനി (ആസ്തി 8,480 കോടി ഡോളർ - 6.16 ലക്ഷം കോടി രൂപ).