
ബംഗളുരു; സൊമാറ്റോ ഭക്ഷണ ഡെലിവറിക്കാരൻ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന യുവതിയുടെ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് കണ്ടന്റ് ക്രീയേറ്ററും മേക്കപ്പ് ആർടിസ്റ്റും ഫാഷൻ ഇൻഫ്ളുവൻസറുമായി ജോലി നോക്കുന്ന ഹിതേഷ ചന്ദ്രാനി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത്. സൊമാറ്റോ ഡെലിവറിക്കാരനായ കാമരാജിനെ ഷൂ കൊണ്ടടിച്ചു എന്ന ആരോപണത്തെയും ഹിതേഷ തള്ളി.
കാമരാജ് തന്നോട് മോശമായാണ് പെരുമാറിയതെന്നും പറഞ്ഞ ഹിതേഷ ഡെലിവറിക്കാരൻ തന്റെ മൂക്കിൽ ഇടിച്ചു എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയുമാണ്. ഭക്ഷണം താമസിച്ചതിനാൽ ഓർഡർ ക്യാൻസൽ ചെയ്യുകയോ പണം തിരികെ നൽകുകയോ ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ കാമരാജ് മോശമായി പ്രതികരിച്ചുവെന്നും താൻ വാതിലടക്കാൻ ശ്രമിച്ചപ്പോൾ തന്നെ തടഞ്ഞുവെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ യുവതി തനിക്കെതിരെ ആരോപിക്കുന്ന കാര്യങ്ങൾ മിക്കതും വാസ്തവവിരുദ്ധമാണെന്ന് കാമരാജ് പറയുന്നു.
ഹിതേഷയുടെ വാദം
'പണം നൽകുമ്പോൾ കസ്റ്റമർ സർവീസുമായി തർക്കിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. ഓർഡർ ക്യാൻസൽ ചെയ്യുകയോ ഭക്ഷണം ഫ്രീ ആയി നൽകുകയോ വേണമെന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. ഓർഡർ ക്യാൻസൽ ചെയ്യുന്ന കാര്യത്തെക്കുറിച്ച് സൊമാറ്റോഎന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഡെലിവറിക്കാരൻ മോശമായാണ് പ്രതികരിച്ചത്. എനിക്കൊന്നുമറിയില്ല എന്നും സമയം കളയരുതെന്നും അയാൾ പറഞ്ഞു. പണം നൽകണമെന്നും പോകാൻ സമ്മതിക്കണമെന്നും അയാൾ പറഞ്ഞു. അയാളെ ഞാൻ ചെരുപ്പുകൊണ്ട് അടിച്ചിട്ടില്ല. അയാൾ ഓടിയപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അയാൾ കൂടുതൽ മോശമായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലോ?'- ഹിതേഷ ചോദിച്ചു.

കാമരാജ് തന്നോട് ഉച്ചത്തിൽ സംസാരിച്ചുവെന്നും അയാൾ ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ സംസാരിച്ചതായി തനിക്ക് തോന്നിയതായും ഹിതേഷ പറയുന്നുണ്ട്. തുടർന്നു താൻ വാതിലടക്കാൻ ശ്രമിച്ചപ്പോൾ കാമരാജ് തടഞ്ഞുവെന്നും തന്റെ കൈയിലുള്ള ഓർഡർ തട്ടിപ്പറിച്ച ശേഷം തന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അടുത്തുള്ള ലിഫ്റ്റിലേക്ക് ഓടിയെന്നും യുവതി പറഞ്ഞു. മുഖം മുറിഞ്ഞത് താൻ അറിഞ്ഞില്ല. സമനില കൈവന്നപ്പോൾ അയാൾക്ക് പുറകെ താൻ ഓടി. അയാളെ തടയാൻ നോക്കി. അപ്പോൾ അയാൾ തന്നെ വീണ്ടും മർദ്ദിച്ചു. ലിഫ്റ്റ് അടയാത്തതിനാൽ തന്നെ തള്ളിയിട്ട ശേഷം പടിക്കെട്ട് വഴി ഓടിപോയി. യുവതി പറയുന്നു. താനല്ല ആദ്യം മോശം വാക്കുകൾ ഉപയോഗിച്ചതെന്നും ഭയത്താലുണ്ടായ പെട്ടെന്നുള്ള പ്രതികരണമായിരുന്നു മോശം വാക്കുകളുടെ പ്രയോഗമെന്നും യുവതി പറയുന്നു.

കാമരാജിന്റെ വാദം
'അവർ എനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചു. അവരുടെ വാതിലിന് അടുത്താണ് ഒരു ചെരുപ്പിന്റെ സ്റ്റാൻഡ് ഉണ്ടായിരുന്നു. അതിൽ നിന്നും ചപ്പലുകൾ എടുത്ത് അവർ എന്നെ അടിച്ചു. അത് വല്ലാത്ത ഷോക്കായിരുന്നു. സ്വന്തം സുരക്ഷ നോക്കാനായി ഞാൻ അവരുടെ കൈയ്യിൽ അടിച്ചു. അവരുടെ വിരലിൽ ഒരു മോതിരമുണ്ടായിരുന്നു. അതവരുടെ മൂക്കിൽ കൊള്ളുകയും അങ്ങനെ മുറിവുണ്ടാകുകയുമാണ് ചെയ്തത്. ഞാൻ അവരെ പിടിച്ചിട്ടില്ല. വല്ലാതെ ഭയന്നുപോയത് കൊണ്ടാണ് ഞാൻ അവിടെ നിന്നും പെട്ടെന്ന് പോയത്. എന്റെ മുഴുവൻസമയ ജോലിയാണിത്...'-തന്റെ അറസ്റ്റിനെക്കുറിച്ചും ജാമ്യം ലഭിച്ചതിനെ കുറിച്ചും സംസാരിക്കവേ നിറകണ്ണുകളോടെ കാമരാജ് പറഞ്ഞു.
അതേസമയം, തങ്ങൾ ഹിതേഷിനെയും കാമരാജിനെയും ഒരേപോലെ സഹായിക്കുന്നുണ്ടെന്നും അവർ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും സൊമാറ്റോയുടെ സ്ഥാപകനായ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. തുടക്കം മുതൽ തന്നെ സത്യം പുറത്തുകൊണ്ടുവരാൻ ആണ് തങ്ങൾ ശ്രമിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസിനു തങ്ങൾ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ദിപീന്ദർ പറയുന്നു. ഹിതേഷയുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ചികിത്സാ ചിലവുകൾ തങ്ങൾ വഹിച്ചുവെന്നും സൊമാറ്റോ സ്ഥാപകൻ പറയുന്നു.
I want to chime in about the incident that happened in Bengaluru a few days ago. @zomato pic.twitter.com/8mM9prpMsx— Deepinder Goyal (@deepigoyal) March 12, 2021
 
കാമരാജിനെ ആക്റ്റീവ് ഡെലിവറികളിൽ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ വരുമാന സംബന്ധമായ കാര്യങ്ങളെ തങ്ങൾ പരിരക്ഷിക്കുന്നുണ്ടെന്നും നിയമപരമായ സേവനങ്ങൾക്ക് ആവശ്യമായ ചിലവുകൾ തങ്ങൾ വഹിക്കുമെന്നും ദിപീന്ദർ അറിയിക്കുന്നു. കാമരാജ് ഏറെ നാളുകളായി സൊമാറ്റോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ സേവനത്തെ കുറിച്ച് ഉപഭോക്താക്കൾക്ക് മികച്ച അഭിപ്രായമാണ് ഉള്ളതെന്നും ദിപീന്ദർ ഗോയൽ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.