kadakampally-surendran

പന്തളം: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം തിരഞ്ഞെടുപ്പിന് മുമ്പുള്ള ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ പറഞ്ഞു.
ഭക്തജനങ്ങളെ നേരിടാൻ അങ്ങേയറ്റം ജാള്യതയും വിഷമവും നേരിടുന്ന ഈ ഘട്ടത്തിൽ അവരെ കബളിപ്പിച്ച് ശ്രദ്ധതിരിക്കാനായി സർക്കാരിന് 'ദുഃഖം ഉണ്ട്' എന്നു പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.
ആഭ്യന്തരവകുപ്പിന്റെചുമതല കൂടിയുള്ള മുഖ്യമന്ത്രിയാണ് ഖേദം പ്രകടിപ്പിക്കേണ്ടത്. അയ്യപ്പ വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും മന്ത്രിസഭായോഗത്തിൽ അംഗീകരിച്ചതു പ്രകാരം പിൻവലിക്കേണ്ടതായിരുന്നു.
സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പുതുക്കിനൽകാമെന്ന് ഇടതുപക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണം. ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ ഇനി ഒരിക്കലും ക്ഷേത്രാചാരലംഘനം നടത്തുകയില്ലെന്നും പ്രഖ്യാപിക്കണം.