e-p-jayarajan

വയനാട്: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. ജയിലിൽ കിടക്കേണ്ടി വന്നാൽ കിടക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും ജയരാജൻ വയനാട് മാനന്തവാടിയിൽ പറഞ്ഞു.

2015ൽ കെ.എം. മാണിയുടെ ബഡ്ജറ്റ് പ്രസംഗം നടത്തുന്നത് തടസപ്പെടുത്തുന്നതിനിടെ നടന്ന കയ്യാങ്കളിയെ തുടർന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് എഴുതി തള്ളണമെന്ന് സർക്കാർ ആവശ്യപ്പെട്ടങ്കിലും എതിർകക്ഷികളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവർ കേസ് പിൻവലിക്കരുതെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കെ.ടി. ജലീൽ, ഇ.പി. ജയരാജൻ , വി. ശിവൻകുട്ടി, സി.കെ. സദാശിവൻ തുടങ്ങി ആറു എം.എൽ.എമാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിചാരണക്കോടതിയിൽ കേസിന്റെ നടപടികൾ പുരോഗമിക്കവെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ആദ്യം വിചാരണക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയത്.