justice

ന്യൂഡൽഹി: വേറിട്ട വിധികളിലൂടെ പരമോന്നത നീതിപീഠത്തിൽ തിളങ്ങിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിരമിച്ചു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് വിയോജന വിധി എഴുതിയ ന്യായധിപയാണ്. ബെഞ്ചിലെ ഏക വനിതാഅംഗമായിരുന്നു.

നിശ്ചിത പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക് ശബരിമലയിലെ വിലക്ക് കാലങ്ങളായി ഉള്ളതാണെന്നും അതൊരു ആചാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ദുവിന്റെ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രാരാധനയിൽ ജഡ്ജിമാർ വ്യക്തിപരമായ അഭിപ്രായങ്ങളും സദാചാരവും യുക്തിയും അടിച്ചേൽപ്പിക്കരുതെന്നും വിധിയിൽ നിരീക്ഷിച്ചു.പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ കേസിന്റെ ബെഞ്ചിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭാഗമായിട്ടുണ്ട്.

മുപ്പത്തി രണ്ടാം വയസിൽ സുപ്രീം കോടതി അഭിഭാഷകയായി എത്തിയ ഇന്ദു മൽഹോത്ര അറുപത്തി രണ്ടാം വയസിൽ സുപ്രീം കോടതി ജഡ്ജിയായപ്പോൾ മറ്റൊരു ചരിത്രവും കുറിച്ചു. ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിതയായി. ഇന്ദുവിന്റെ പ്രാഗൽഭ്യവും നിയമ പാണ്ഡിത്യവും കണക്കിലെടുത്ത് 2018 ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട കൊളീജിയം അവരെ ബാറിൽ നിന്ന് നേരിട്ട് ജഡ്‌ജിയായി നിയമിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ എട്ടു പേരെ മാത്രമേ ഇങ്ങനെ ശുപാർശ ചെയ്തിട്ടുള്ളൂ. കോടതിയിലെ അവസാന ദിവസമായിരുന്ന ഇന്നലെ കീഴ്‌വഴക്കം അനുസരിച്ച് അവർ ചീഫ്ജസ്റ്റിസ് എസ്. എ ബോബ്ഡെ‌യ്ക്കൊപ്പം കേസുകളിൽ വാദം കേട്ടു.