
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ എം.പി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. എം.പിമാർ മത്സരിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കിയതോടെ മുരളീധരൻ മത്സരിക്കില്ലെന്നകാര്യം ഏകദേശം ഉറപ്പായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എ.ഐ.സി.സി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മുരളീധരൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പോയെങ്കിലും ചില നിർണായക മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. എന്നാൽ അഭ്യൂഹങ്ങൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷൻ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പരസ്യമാക്കുകയായിരുന്നു.
ഏറ്റവും ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ ഏറ്റവും സാദ്ധ്യത കൽപിച്ചിരുന്ന നേതാവായിരുന്നു മുരളീധരൻ. ഏറ്റവും ശക്തമായ സ്ഥാനാർത്ഥിയെ ആകും ഇവിടെ മത്സരിപ്പിക്കുകയെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. നേമത്തെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തുടക്കം മുതൽ ആകാംക്ഷ നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുമുണ്ട്. മുരളീധരൻ മത്സരിക്കില്ലെന്ന കാര്യം ഉറപ്പായതോടെ കോൺഗ്രസ് നേമത്തിനു വേണ്ടി കണ്ടുവെച്ചിരിക്കുന്ന സ്ഥാനാർത്ഥിയാരെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.