
തൃശൂർ : പതിനാറ് വർഷം മുമ്പ് ഗുരുവായൂർ മണ്ഡലം യുവമോർച്ച സെക്രട്ടറിയും, പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
എൻ.ഡി. എഫ് പ്രവർത്തനായ കടിക്കാട് സ്വദേശി ഖലീലിനെ (39) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം അധികം കഠിനതടവ് അനുഭവിക്കണം.
തൃശൂർ നാലാം അഡിഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതിയാണ് വിധി പ്രസ്താവിച്ചത്.
എൻ.ഡി.എഫ് പ്രവർത്തകരാണ് പ്രതികൾ. രണ്ടാം പ്രതി നസറുള്ള തങ്ങൾ ഒളിവിലാണ്. 3 മുതൽ 9 വരെ പ്രതികളെ വെറുതെ വിട്ടു.
പേരാമംഗലത്ത് ആർ.എസ്.എസ് ശിബിരത്തിൽ അതിക്രമിച്ചു കയറി രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതിന് എൻ.ഡി.എഫ് പ്രവർത്തകനായ റജീബ്, ലിറാർ എന്നിവരെ ആർ.എസ്.എസുകാർ മർദ്ദിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.
2004 ജൂൺ 12ന് പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നിന്ന മണികണ്ഠനെ പ്രതികളായ ഖലീലും, നസറുള്ളയും ചേർന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഒന്നാം സാക്ഷി പ്രസാദിനെ ഓടിച്ചു. മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
ഖലീൽ ഒമ്പത് കേസുകളിൽ പ്രതിയാണ്. പ്രണയിച്ചു കൂടെ താമസിപ്പിച്ച പെൺകുട്ടി മതം മാറാൻ വിസമ്മതിച്ചപ്പോൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയും, പെൺകുട്ടി ജീവനൊടുക്കുകയും ചെയ്ത കേസിൽ ഇയാളെ പ്രതി ചേർത്തിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് നസറുള്ള.
2014 ജനുവരിയിൽ വിചാരണ ആരംഭിച്ചെങ്കിലും മണികണ്ഠന്റെ സഹോദരനായ പി.വി. രാജന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അഡിഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടിരുന്നു. ഒന്നാം സാക്ഷി പ്രസാദിനെ പ്രതികൾ സ്വാധീനിച്ച് ഗൾഫിൽ കൊണ്ടുപോയതായി പ്രചാരണമുണ്ടായിരുന്നു. വിചാരണവേളയിൽ ഹാജരാകാത്ത ഇയാൾ പിന്നീട് കോടതിയിലെത്തി മൊഴിനൽകി. രണ്ടാം സാക്ഷി കോടതിയിൽ മൊഴി മാറ്റിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡിനി. പി. ലക്ഷ്മൺ ഹാജരായി.