
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തോൽവി. ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പതറിപ്പോയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു (130/2). 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ജേസൻ റോയിയും (49), ജോസ് ബട്ട്ലറും (28) ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ മികച്ച തുടക്കം നൽകിയപ്പോൾത്തന്നെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മലനും (24) ബെയർസ്റ്റോയും (26) പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പേരുകേട്ട ബാറ്റിംഗ് നിര തകർന്നപ്പോൾ അർദ്ധ സെഞ്ച്വറിയുമായി സെൻസിബിൾ ഇന്നിംഗ്സ് കളിച്ച ശ്രേയസ് അയ്യരാണ് (48 പന്തിൽ 67) ഇന്ത്യയെ 124 വരെയെത്തിച്ചത്. രോഹിതിന് വിശ്രമം നൽകിയ ഇന്ത്യ കെ.എൽ. രാഹുലിനെയും ശിഖർ ധവാനെയുമാണ് ഓപ്പൺ ചെയ്യാൻ നിയോഗിച്ചത്. എന്നാൽ രണ്ടാമത്തെ ഓവറിലെ രണ്ടാം പന്തിൽത്തന്നെ രാഹുലിനെ (1) ക്ലീൻ ബൗൾഡാക്കി ആർച്ചർ ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ക്യാപ്ടൻ വിരാട് കൊഹ്ലി ആദിൽ റഷീദിന്റെ പന്തിൽ മിഡ് ഓഫിൽ ക്രിസ് ജോർദ്ദാന് ക്യാച്ച് നൽകി പൂജ്യനായി മടങ്ങി. ക്രിസ് വുഡിനെതിരെ ഷോട്ടിന് ശ്രമിച്ച് ശിഖർ ധവാന്റെയും കുറ്റിതെറിച്ചതോടെ ഇന്ത്യ 20/3 എന്ന നിലയിൽ പ്രതിസന്ധിയിലായി.
സ്ഥാനക്കയറ്റം കിട്ടിയെത്തിയ പന്ത് ആൻഡേഴ്സണെതിരെ കളിച്ച പോലെ ആർച്ചറിനെതിരേയും റിവേഴ്സ് ഫ്ലിക്കുൾപ്പെടെയുള്ള ഷോട്ടുകളുമായി കത്തിക്കയറിയെങ്കിലും സ്റ്റോക്സിന്റെ പന്തിൽ ബെയർസ്റ്റോയുടെ കൈയിൽ എരിഞ്ഞടങ്ങി.2 ഫോറും 1 സിക്സും ഉൾപ്പെടെ 21 റൺസ് പന്ത് നേടി. മുൻ നിര കൂടാരം കയറിയതോടെ ബാറ്റിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രേയസ് ഹാർദ്ദിക്കിനെ (19)കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 48/4ൽ നിന്ന് 100 കടത്തി. 102ൽവച്ച് ഹാർദ്ദിക്ക് ആർച്ചറുടെ പന്തിൽ ജോർദാന് ക്യാച്ച് നൽകി മടങ്ങി. പകരമെത്തിയ ഷർദ്ദുളിനേയും അടുത്ത പന്തിൽ മലന്റെ കൈയിൽ എത്തിച്ച് ആർച്ചർ മടക്കി. ശ്രേയസിനെ ജോർദാനാണ് മലന്റെ കൈയിൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫീൽഡ് അംപയറായി കേരളത്തിന്റെ അനന്തപത്മനാഭൻ അരങ്ങേറ്റം നടത്തി.