kasaragod

കാസർകോട്: കാസർകോട് നിയമസഭ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് മത്സരിക്കുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കാസർകോഡ് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാടായിരുന്നു ഐ.എൻ.എൽ സ്വീകരിച്ചിരുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, കാസർകോട് മണ്ഡലങ്ങളാണ് ഐ.എൻ.എല്ലിന് ഇത്തവണയും നൽകിയത്. ഇതിൽ വള്ളിക്കുന്നിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എ.പി. അബ്ദുൽ വഹാബും കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിലും മത്സരിക്കും. ഈ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫിനു വേണ്ടി മുസ്ലീം ലീഗ് സ്ഥാനാർത്ഥി എൻ.എ. നെല്ലിക്കുന്ന് ആണ് മത്സരിക്കുന്നത്. ലീഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെനിന്നും 2011ലും 2016ലും നെല്ലിക്കുന്ന് ജയിച്ചിരുന്നു. 1977നു ശേഷം തുടർച്ചയായി മുസ്ലീം ലീഗാണ് കാസർകോട് ജയിച്ച് വരുന്നത്.