
ദുബായ്: യു.എ.ഇയിൽ കാഴ്ച പരിമിതർക്ക് മരുന്ന് കുറിപ്പടി ഇനി ബ്രെയ്ലി ലിപിയിൽ. സൗയിദ് ഹയർ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് ഈ പദ്ധതിയ്ക്ക് യു.എ.ഇ ആരോഗ്യ- രോഗ പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലീഷ്, അറബി ഭാഷകൾക്ക് പുറമെ ഉറുദുവിലും മരുന്ന് കുറിപ്പടി അച്ചടിക്കും. ഇതോടെ, മരുന്ന് പാക്കേജുകളിൽ ബ്രെയ്ലി പ്രയോഗിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി യു.എ.ഇ മാറിയിരിക്കുകയാണ്.
കാഴ്ചപരിമിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള യു.എ.ഇ സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. കാഴ്ചശക്തി ഇല്ലാത്തവരുടെ കഴിവുകളെ പിന്തുണയ്ക്കുന്നതിനും അവരെ സമൂഹത്തിൽ സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്ന സേവനങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധികൾ വ്യക്തമാക്കി. മരുന്ന് കുറിപ്പടികളുടെ ബ്രെയ്ലി ലേബലിംഗ് തയ്യാറാക്കി യു.എ.ഇയിലെ ഏക ബ്രെയ്ലി പ്രസ്സായ സായിദ് ഹൈയർ ഓർഗനൈസേഷൻ പ്രിന്റിംഗ് പ്രസ്സിൽ അച്ചടിച്ചാണ് വിപണിയിലെത്തിക്കുന്നത്.