
കാലം മാറിവരികയാണ്. പഴഞ്ചനായ, കാലഹരണപ്പെട്ട ചിന്തകൾ പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് കുതിക്കാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. ഇക്കൂട്ടത്തിൽ പ്രണയം, ലൈംഗിക ബന്ധങ്ങൾ എന്നിവ സംബന്ധിച്ച ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട് എന്നും അവർ ആഗ്രഹിക്കുന്നു. എന്നാൽ തന്നെക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ മാത്രമേ പുരുഷൻ വിവാഹം ചെയ്യാൻ പാടുള്ളൂ എന്നും തന്നെക്കാൾ ഒന്നോ രണ്ടോ വയസ് കൂടുതലുള്ള പുരുഷനെയാണ് സ്ത്രീ കല്ല്യാണം കഴിക്കേണ്ടതെന്നുള്ള ഒരു അലിഖിത നിയമം നമ്മുടെ നാട്ടിലെ പാരമ്പര്യവാദികൾ സൃഷ്ടിച്ചുവച്ചിട്ടുണ്ട്.

പ്രായം കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷനെയും തന്നെക്കാൾ ഇളപ്പമുള്ള പുരുഷനെ വിവാഹം ചെയ്യുന്ന സ്ത്രീയെയും സമൂഹം ഒരുതരം മുൻവിധിയോടെയാകും നോക്കിക്കാണുക. എന്നാൽ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ ഈ ചിന്തകൾക്ക് കാര്യമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തന്നെക്കാൾ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്നതും അവളെ വിവാഹം ചെയ്യുന്നതും വലിയ കുറ്റമായി ഇന്നത്തെ തലമുറ കാണുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീയുടെ കാര്യത്തിലും ഇത് ശരിതന്നെയാണ്.

അൽപ്പം പ്രായം കുറഞ്ഞ പുരുഷനോടൊപ്പം ജീവിക്കുക എന്നത് സ്ത്രീകൾ ഇന്ന് വലിയ പ്രശ്നമായി കണക്കാക്കുന്നില്ല. ഇന്ത്യ പോലെ യാഥാസ്ഥിതിക മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ചിന്താഗതികളിൽ പൂർണമായും ഒരു മാറ്റം സംഭവിക്കുക എന്നത് എളുപ്പമല്ലെങ്കിലും മാറുന്ന ചിന്താഗതികളെ സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ നമുക്ക് കാണാൻ സാധിക്കും. പാലക്കാട്ടുകാരനായ ഫൈസലിന്റെ അനുഭവം നോക്കാം.

തന്നെക്കാൾ ആറ് വയസ് കൂടുതലുള്ള യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന 25കാരൻ ഫൈസലിന് വീട്ടുകാരുടെ നേരിയ എതിർപ്പ് മാത്രമാണ് നേരിടേണ്ടതായിട്ടുള്ളത്. തന്നെക്കാൾ പ്രായമുള്ള പെണ്ണിനെ പ്രണയിക്കുന്നത് കൊണ്ട് മറ്റെന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ കരുതുന്നില്ല. ഡൽഹി സ്വദേശിയായ രചനയും സമാന ചിന്താഗതിക്കാരിയാണ്. തന്നെക്കാൾ എട്ട് വയസിനു ഇളപ്പമുള്ള ആളെയാണ് രചന വിവാഹം കഴിച്ചിരുന്നത്.

വയസ് വ്യത്യാസത്തെ കുറിച്ച് ചെറിയ സംശയങ്ങൾ തുടക്കത്തിൽഎം ഉണ്ടായിരുന്നുവെങ്കിലും രചന അതിനെയെല്ലാം അതിജീവിക്കുകയായിരുന്നു. ഇപ്പോൾ രചനയുടെയും ഭർത്താവിന്റെയും ദാമ്പത്യം 20 വർഷങ്ങൾ പിന്നിടുകയാണ്. തന്നെക്കാൾ പ്രായമുള്ള സ്ത്രീയെ പുരുഷൻ കൂടുതൽ കരുത്തും അനുഭവജ്ഞാനവും പക്വതയുമാണ് കാണുകയെന്നും അത് കാരണമാണ് അവർ പ്രായമേറിയ സ്ത്രീകളെ ആഗ്രഹിക്കുന്നതെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കാലം മാറുകയും സ്ത്രീപക്ഷ ചിന്തകൾക്ക് കൂടുതൽ പ്രാമുഖ്യം കൈവരികയും പുരോഗമനാശനയങ്ങൾക്ക് കൂടുതൽ ദൃശ്യത കൈവരികയും ചെയ്തതോടെയാണ് സമൂഹം പുരുഷന്റെ ഉള്ളിൽ കുത്തിനിറച്ചിരുന്ന പഴഞ്ചൻ ചിന്തകൾ അലിഞ്ഞില്ലാതായത് എന്നാണു ഇവർ പറയുന്നത്.

കഴിവും കരുത്തുമുള്ള സ്വയംപര്യാപ്തയായ സ്ത്രീ എന്നത് ഇന്നത്തെ പുരുഷന്റെ അഹംബോധത്തെ(ഈഗോ) ബാധിക്കുന്ന ഒന്നല്ല. തന്നെക്കാൾ പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീ ഇഷ്ടപ്പെടാനും കാരണമുണ്ട്. തന്റെ ഇഷ്ടങ്ങളെയും താത്പര്യങ്ങളെയും സ്വീകരിക്കാൻ തന്റെ പ്രായം കുറവുള്ള ഭർത്താവിന്/കാമുകന് കൂടുതൽ എളുപ്പത്തിൽ സാധിക്കും എന്നവർ മനസിലാക്കുന്നു. ഇതുകൂടാതെ പങ്കാളിയുടെ പ്രായക്കുറവ് അവളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.