
കീവ്: കടുത്ത പ്രണയത്തിലാണ് ഉക്രയ്ൻ സ്വദേശികളും ദമ്പതികളുമായ അലക്സാണ്ടർ കുഡ്ലെയും വിക്ടോറിയ പുസ്റ്റോവിറ്റോവയും. എന്നാൽ, ഇരുവരും തമ്മിൽ വഴക്കൊഴിഞ്ഞ നേരമില്ല. ബന്ധം പിരിയാൻ ഇരുവർക്കും താൽപര്യവുമില്ല. ഒടുവിൽ, അലക്സാണ്ടർ ഒരു കടുത്ത തീരുമാനമെടുത്തു. തങ്ങളുടെ കൈകൾ ചങ്ങലകൊണ്ട് ബന്ധിക്കാം. അപ്പോൾ പിരിയേണ്ടി വരില്ലല്ലോ. ആദ്യം എതിർത്തെങ്കിലും പിന്നീട് വിക്ടോറിയയും സമ്മതം മൂളി. മൂന്ന് മാസത്തേയ്ക്കാണ് ഈ പരീക്ഷണം. ഊണും ഉറക്കവും ജോലികളുമെല്ലാം ഈ ചങ്ങല അഴിക്കാതെയാണ് ചെയ്യുന്നത്. ഒരു ടെലിവിഷൻ ടോക്ക് ഷോയിൽ ദമ്പതികൾ പങ്കെടുത്തതും ചങ്ങലയിട്ട് ബന്ധിച്ച കൈകളുമായാണ്.
ചങ്ങല കൊണ്ട് പരസ്പരം ബന്ധിച്ച് ഒരു മാസം കഴിഞ്ഞു. ഇപ്പോൾ ബുദ്ധിമുട്ടൊന്നുമില്ല. ഞങ്ങളുടെ അടിപിടിയൊന്നും അവസാനിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും അടികൂടും. മിണ്ടാതിരിക്കുകയും ചെയ്യും. പക്ഷേ, ഇപ്പോൾ തർക്കങ്ങൾക്ക് ഒരു അവസാനമുണ്ട്. പരസ്പരം മിണ്ടാതിരുന്നാലും ഒറ്റയടിക്കങ്ങ് പിരിഞ്ഞുപോകാനാവില്ലല്ലോ. ഒരു മാസമായി ഞങ്ങൾ ഒന്നാണ്. ഇതുവരെ അറിയാത്ത ലോകത്താണ് ഞങ്ങളിപ്പോൾ - വിക്ടോറിയ പറയുന്നു.