
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വരുമാനം നേടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ പകുതിയോളം തുകയും സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് റെയിൽവേ, ടെലികോം വിഭാഗങ്ങളിൽ നിന്ന്. ആകെ 2.50 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് കേന്ദ്രം ഉന്നമിടുന്നത്. ഇതിൽ 90,000 കോടി രൂപയും നേടുക റെയിൽവേ ആസ്‌തികൾ വിറ്റഴിച്ചാണ്. ടെലികോം ആസ്‌തി വില്പനയിലൂടെ 40,000 കോടി രൂപയും കൂടി നേടുമ്പോൾ ഈ ഇരുവിഭാഗങ്ങളിൽ നിന്നുമാത്രം സർക്കാരിന് 1.30 ലക്ഷം കോടി രൂപ ലഭിക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22ലേക്കുള്ള ബഡ്‌ജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആസ്‌തി വില്പനയും സ്വകാര്യവത്കരണവും പ്രഖ്യാപിച്ചത്. വില്പനയുടെ നടപടിക്രമങ്ങൾക്ക് രൂപംനൽകാൻ നീതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയുടെ ആസ്‌തി വില്പനയ്ക്ക് പുറമേ സ്വകാര്യ ട്രെയിനുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയുടെ ടവറുകളും ഒപ്‌റ്റിക് ഫൈബർ സൗകര്യങ്ങളും വിറ്റഴിച്ചേക്കും. അതേസമയം, പൊതുമേഖലാ ആസ്‌തി വില്പനയിലൂടെ ലഭിക്കുന്ന പണം ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനുള്ള വെയർഹൗസുകൾ, ടൂറിസം അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയ്ക്കാണ് ചെലവഴിക്കുക. സമാഹരണ ലക്ഷ്യത്തിൽ 30,000 കോടി രൂപ റോഡ്/ഹൈവേ വിഭാഗത്തിൽ നിന്നാണ്.
ഊർജ മേഖലയിൽ നിന്ന് 27,000 കോടി രൂപ, വ്യോമയാനം - 20,000 കോടി രൂപ, കായികം - 20,000 കോടി രൂപ, പെട്രോളിയം - 17,000 കോടി രൂപ, തുറമുഖം/ഷിപ്പിംഗ് - 4,000 കോടി രൂപ എന്നിങ്ങനെയും സമാഹരിക്കാൻ ലക്ഷ്യമിടുന്നു.