
തിരുവനന്തപുരം: നേമത്ത് ആര് സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുന്നു. നേമം ഉൾപ്പടെ തർക്കമുള്ള 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ ചർച്ച ഇന്നും ഡൽഹിയിൽ തുടരും.
കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. ഇന്നുതന്നെ പത്തുസീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ധാരണയിലെത്താനുളള തീവ്രശ്രമത്തിലാണ് നേതാക്കള്‍.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. മാത്രമല്ല നേമത്ത് മത്സരിക്കാൻ താൻ സമ്മതിച്ചെന്ന വാർത്തകൾ ഉമ്മൻചാണ്ടി കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് 50 കൊല്ലമായി തന്റെ മണ്ഡലം പുതുപ്പള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വട്ടിയൂർക്കാവ്, നേമം, വർക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂർ, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, പീരുമേട് എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളാരാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആകാത്തത്.