
കൊല്ലം: തന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് എം എൽ എയും നടനുമായ മുകേഷ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കൊല്ലത്തുനിന്ന് രണ്ടാം വട്ടവും ജനവിധി തേടുകയാണ് അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വോട്ട് അഭ്യർത്ഥിച്ച് മുകേഷ് രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം അസംബ്ലി മണ്ഡലത്തിൽ 1330 കോടി രൂപയുടെ വികസന പെരുമഴ പെയ്യിച്ച ആത്മാഭിമാനത്തോടെയാണ് നിങ്ങളെ സമീപിക്കുന്നതെന്ന് മുകേഷ് പറയുന്നു. കൊല്ലത്തെ വികസന പ്രവർത്തനങ്ങൾക്കൊപ്പം പിണറായി സർക്കാരിന്റെ നേട്ടങ്ങളും മുകേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയമുള്ള സമ്മതിദായകരെ.....
പതിനഞ്ചാം
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം അസംബ്ലി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ രണ്ടാമതും ജനവിധി തേടുകയാണ്.
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ഉൾപ്പെടെ അഞ്ചു ദുരന്തങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ട് ലോകത്തിനാകെ മാതൃകയായി
ഒരു ജനതയെ ആകെ സംരക്ഷിച്ച
ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്ന ആത്മാഭിമാനത്തോടൊപ്പം
കൊല്ലം അസംബ്ലി മണ്ഡലത്തിൽ 1330 കോടി രൂപയുടെ വികസന പെരുമഴ പെയ്യിച്ച ആത്മാഭിമാനത്തോടെയാണ് ഞാൻ നിങ്ങളെ സമീപിക്കുന്നത്..
വിശ്വവിമോചക നായകൻ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ നവോത്ഥാന സാംസ്‌കാരിക സമുച്ചയം, ഗുരുവര്യന്റെ പേരിൽ തന്നെ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്‌സിറ്റി,
ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നസാക്ഷാത്കാരമായ പെരുമൺ പാലം, മഹാകവി കുമാരനാശാൻ സ്മാരക പുനർജനി ബയോപാർക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം,
വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കി വരുന്ന ആശ്രമം പിക്‌നിക് വില്ലേജ്,
105 കോടി രൂപ അടങ്കലിൽ നിർമ്മാണം പൂർത്തിയായി വരുന്ന ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടത്തിന്റെ തുടർച്ചയായി നാലാം ഘട്ടത്തിന് 150 കോടി രൂപ,
പാവങ്ങളുടെ ആതുരാലയമായ ജില്ലാ ആശുപത്രിയിൽ സമാനതകളില്ലാത്ത നിരവധി വികസന പ്രവർത്തനങ്ങളോടൊപ്പം പുതിയ ഡയാലിസിസ് സെന്ററും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിനുള്ള105 കോടിയുടെ പുതിയ പദ്ധതിയും, വിക്ടോറിയ ആശുപത്രിയിൽ 106 കോടി രൂപയുടെ പദ്ധതിയും കിളികൊല്ലൂർപെരുമൺതൃക്കരുവ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അഞ്ചാലുംമൂട്, പണയിൽ, മങ്ങാട്, സ്‌കൂളുകളിൽ ഹൈടെക് രീതിയിലുള്ള കോടികളുടെ വികസനം, മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും സ്മാർട്ട് ക്ലാസ് റൂമുകൾ, കൊല്ലം പോർട്ടിൽ 31 കോടിയുടെ വികസന പ്രവർത്തനങ്ങൾ, പള്ളിത്തോട്ടം ഝടടട കോളനിയിലെ പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളുമായ179 കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ നിർമാണം, കൊല്ലം ബീച്ചിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ,
തൃക്കരുവ പഞ്ചായത്തിൽ രണ്ടു കോടിയോളം രൂപ ചെലവിൽ ഭാവി തലമുറയ്ക്കായി മിനിസ്റ്റേഡിയം,
തൃക്കരുവ പനയം പഞ്ചായത്തുകളിലായി ബഡ്‌സ് സ്‌കൂളുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, പെരുമൺ, കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ,വറട്ടുച്ചിറ കോളനി നവീകരണം, 14.71 കോടി രൂപ അടങ്കലിൽ 42 കടലോര കായലോര തീരദേശ റോഡുകളുടെ നവീകരണം, കടപ്പാക്കടതങ്കശ്ശേരി ആധുനിക ഫിഷ് മാർക്കറ്റുകൾ,
വിവിധ കുടിവെള്ള പദ്ധതികൾക്കായി കുഴൽകിണറുകൾ, കൊല്ലം നഗര മേഖലയിൽ നടപ്പിലാക്കിവരുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിക്കു പുറമേ മണ്ഡലത്തിലെ ഗ്രാമീണമേഖലയിൽ തൃക്കരുവ പനയം പഞ്ചായത്തുകൾക്കായി അനുവദിക്കപ്പെട്ട സമഗ്ര കുടിവെള്ള പദ്ധതി, തങ്കശ്ശേരി പൈതൃക ടൂറിസം പദ്ധതി, തിരുമുല്ലവാരം തീർത്ഥാടന വിനോദ സഞ്ചാര പദ്ധതി ,തൃക്കരുവപനയം പഞ്ചായത്തുകളിൽ ഗ്രാമജ്യോതി പദ്ധതിപ്രകാരം എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും എൽഇഡി ലൈറ്റുകൾ തുടങ്ങി കോർപ്പറേഷൻ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ, ലൈബ്രറികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, അമ്മച്ചിവീട് ഹൈസ്‌കൂൾ ജംഗ്ഷൻ നവീകരണം, മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളുടേയും ബിഎം&ബിസി നവീകരണം തുടങ്ങി ചൂണ്ടിക്കാണിക്കാവുന്ന വിസ്മയ വികസനങ്ങളുമായാണ് ഞാൻ നിങ്ങളെ സമീപിക്കുന്നത്.
അതോടൊപ്പം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കിയ
ഈ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനക്ഷേമ പദ്ധതികൾ നിങ്ങൾ തൊട്ടറിഞ്ഞതാണ്.
അഴിമതിയിൽ മുങ്ങി മുച്ചൂടും നശിപ്പിച്ചുകൊണ്ട് 2016 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ പാവപ്പെട്ടവർക്ക് ഒരു മാസം 600 രൂപ നിരക്കിൽ നൽകുന്ന പെൻഷൻപോലും 18 മാസം കുടിശികയായിരുന്നു. അതൊക്കെയും ഒരുമിച്ച് കൊടുത്തു തീർത്തു എന്ന് മാത്രമല്ല ഇപ്പോൾ എല്ലാമാസവും 1600 രൂപയായി വീട്ടിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു പിണറായി സർക്കാർ... വിദ്യാലയങ്ങൾ, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, തൊഴിൽ രംഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ മേഖലയിലും അത്ഭുത പൂർവ്വമായ വളർച്ചയാണ് നമ്മൾ കൈവരിച്ചത്.
കൊവിഡ് മഹാമാരിയിൽ രാജ്യമാകെ പട്ടിണിയിലായപ്പോൾ കേരളത്തിൽ റേഷൻ കടകൾ വഴി എല്ലാവർക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയാണ് ഈ സർക്കാർ ജനങ്ങളുടെ കണ്ണിലുണ്ണി ആയത്.
അതോടൊപ്പം ചേർത്ത് വായിക്കേണ്ട കാര്യമാണ് ലോകമാകെ കോവിഡ് മൂലം മരണസംഖ്യ ഉയർന്നപ്പോൾ 2019ലെ സ്വാഭാവിക മരണം സംഭവിച്ചവരെക്കാൾ (263901 ) കുറവായിരുന്നു 2021ൽ (234536)
(അതായത് 29365 പേരുടെ കുറവ്)
' എക്‌സസ് ഡത്ത്' (മരണം ഒഴിവാക്കൽ )എന്ന പേരിൽ ലോകത്തു ചർച്ച ചെയ്യാൻ പോകുന്ന ഒരു കണക്കാണിത്.
മറുവശത്ത് കട കാലിയാക്കൽ വിൽപ്പനയിലൂടെ അധികാരത്തിലിരുന്ന ഏഴ് സംസ്ഥാനങ്ങൾ ബിജെപിക്ക് മറിച്ചു വിറ്റിട്ടാണ് കോൺഗ്രസ് കേരളത്തിൽ എങ്ങനെയും അധികാരത്തിൽ വരുവാൻ എന്തു നീച പ്രവർത്തിയും ചെയ്യുന്നത്. അവർക്ക് സർവ്വ പിന്തുണയും ആയി ബിജെപി ഒപ്പമുണ്ട് കാരണം കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമേ ബിജെപിക്ക് അവരെ വിലയ്ക്ക് വാങ്ങാൻ കഴിയൂ.. ആയതിനാൽ പ്രിയമുള്ളവരെ ജാഗ്രതയോടെ കരുതിയിരിക്കണം കൈപ്പത്തിയിൽ താമര വിരിയിക്കാൻ..
നാടിന്റെ ശാന്തിയും സമാധാനവും കെടുത്താൻ... അശാന്തമായി പരിശ്രമിക്കുന്ന എല്ലാ ശക്തികൾക്കുമെതിരെ രാജ്യത്തിനാകെ മാതൃകയായി തലയുയർത്തിനിൽക്കുന്ന പിണറായി വിജയന്റെ ഇടതുപക്ഷ ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വരുന്നതിനായി..
കഴിഞ്ഞ അഞ്ചു വർഷക്കാലം നിങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റിയ, വികസനങ്ങൾ നിങ്ങളുടെ കൺമുന്നിൽ എത്തിച്ച എന്നെ ഇടതുപക്ഷജനാധിപത്യ
മുന്നണി വീണ്ടും ഇവിടെ ജനവിധിതേടാൻ നിയോഗിച്ചിരിക്കുക്കയാണ്. അഭിമാനകാരമായ ഈ ദൗത്യം ഏറെ
എളിമയോടുകൂടി ഞാൻ ഏറ്റെടുക്കുകയുമാണ്. കഴിഞ്ഞകാലങ്ങളിൽ എന്നെ സഹായിച്ച നല്ലവരായ കൊല്ലത്തെ സമ്മതിദായകർ എനിക്കൊപ്പം
ഉണ്ടാകുമെന്ന് പൂർണ്ണവിശ്വാസമുണ്ട്.
'അരിവാൾ ചുറ്റികനക്ഷത്രം ചിഹ്നത്തിൽ'
വോട്ടുരേഖപ്പെടുത്തി എന്നെ
വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ...
നിങ്ങളുടെ സ്വന്തം എം മുകേഷ്