
കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർത്ഥി നർണയം ഇത്രയും നീട്ടേണ്ട യാതൊരു കാര്യവുമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ കുറച്ച് ഒച്ചയും ബഹളവുമൊക്കെയുണ്ടാകും. അത് മുമ്പും ഉണ്ടായിട്ടുണ്ട്. പ്രകടനവും പോസ്റ്റർ ഒട്ടിക്കലുമൊന്നും ഇന്നും ഇന്നലേയും തുടങ്ങിയതല്ല. 2011ൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ചെല്ലുമ്പോൾ തനിക്കെതിരെ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നുവെന്നും എന്നിട്ട് പതിനാറായിരത്തിലധികം വോട്ടിനാണ് ജയിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പന്തം കൊളുത്തലും പോസ്റ്റർ ഒട്ടിക്കലുമൊക്കെ ഇരുട്ടിന്റെ സന്തതികൾ ചെയ്യുന്നതാണ്. ചില പ്രവർത്തകർക്ക് വികാരമുണ്ടാകുമെന്നത് ശരിയാണ്. ഏതായാലും പട്ടിക നാളെ പുറത്തുവരട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ പറയാമെന്നും മുരളീധരൻ പറഞ്ഞു.
ഏത് ചുമതല ഹൈക്കമാൻഡ് ഏൽപ്പിച്ചാലും ഏറ്റെടുക്കാൻ തയ്യാറാണ്. അതിനൊരിക്കലും പ്രതിഫലം ചോദിക്കുന്ന ആളല്ല താൻ. വടകരയിൽ നിർത്തിയപ്പോൾ ജയിച്ചാൽ ഇന്ന കാര്യങ്ങൾ ചെയ്‌ത് തരണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ ഒരിക്കലും പ്രതിഫലം ചോദിച്ച് സ്ഥാനാർത്ഥിയായിട്ടില്ല. ആ രീതിയിൽ ചില വാർത്തകൾ കണ്ടതുകൊണ്ടാണ് ഇതു പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്ന് മാത്രമേ നേതൃത്വത്തിനോട് പറയാനുളളൂ. നേമത്ത് ആത്മവിശ്വാസ കുറവിന്റെ കാര്യമില്ല. സ്ഥാനാർത്ഥി നിർണയം വൈകുന്നത് ചർച്ച ചെയ്യുന്നവരോട് ചോദിക്കണമെന്നും താൻ ചർച്ചകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.