oommen-chandy

കോട്ടയം: മണ്ഡലം മാറി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്തയിൽ മനംനൊന്ത് കോൺഗ്രസ് പ്രവർത്തകർ പുതുപ്പളളിയിൽ തടിച്ച് കൂടി. ഉമ്മൻചാണ്ടിയുടെ പുതുപ്പളളിയലെ വീടിന് മുന്നിലാണ് പ്രവർത്തകർ തമ്പടിച്ചിരിക്കുന്നത്. വീടിന് മുകളിൽ കയറിയ ഒരു പ്രവർത്തകൻ ആത്മഹത്യ ഭീഷണി മുഴക്കി അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് പതാകയുമേന്തിയാണ് ഉമ്മൻ ചാണ്ടി മണ്ഡലം മാറരുതെന്ന് പ്രവർത്തകൻ ആവശ്യപ്പെടുന്നത്.

ഡൽഹിയിൽ നിന്നും പുതുപ്പളളിയിലെത്തിയ ഉമ്മൻ ചാണ്ടിയെ വലിയ വരവേൽപ്പ് നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കാർ തടഞ്ഞിട്ടായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളി. ഒടുവിൽ ഏറെ പാടുപെട്ടാണ് ഉമ്മൻ ചാണ്ടിക്ക് വീടിന് അകത്തേക്ക് കയറാൻ പറ്റിയത്.

'ഞങ്ങളുടെ ഓമന നേതാവ് ഉമ്മൻചാണ്ടിയെ വിട്ടുതരില്ല', 'കണ്ണേ കരളേ പൊന്മണിയേ ചോര തരാം നീരു തരാം', ഉമ്മൻ ചാണ്ടിയെ വിട്ടുതരില്ല, ഞങ്ങളെ വിട്ടു പോകല്ലേ' തുടങ്ങി മുദ്രാവാക്യങ്ങളാണ് സ്‌ത്രീകളടക്കമുളള പ്രവർത്തകർ വിളിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടടക്കം വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ മണ്ഡലത്തിൽ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് എ ഐ സി സിക്ക് കോട്ടയം ഡി സി സി കത്തയച്ചു.

ഉമ്മൻ ചാണ്ടി നേമത്തേക്ക് പോകേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് കെ സി ജോസഫ് പറയുന്നത്. യു ഡി എഫിന് ഭരണം ലഭിക്കുക എന്നതാണ് പ്രാധാനം. അതിന് ഉമ്മൻ ചാണ്ടി കേരളം മൊത്തം പ്രചാരണത്തിന് ഇറങ്ങേണ്ടതുണ്ടെന്നും കെ സി ജോസഫ് വ്യക്തമാക്കി. കെ സി ജോസഫും പുതുപ്പളളിയലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.