
കോട്ടയം: ഉമ്മൻ ചാണ്ടി മണ്ഡലം മാറരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പളളിയിൽ നാടകീയ രംഗങ്ങൾ. വീട്ടിലെ ജനാലയ്‌ക്കരകിൽ നിന്ന ഉമ്മൻ ചാണ്ടിയുടെ കൈ പിടിച്ചാണ് പ്രവർത്തകർ കരഞ്ഞ് നിലവിളിച്ചത്. പ്രവർത്തകർ കരയുന്നത് കണ്ട ഉമ്മൻ ചാണ്ടിയും വികാരധീനനായി.
മുതിർന്ന നേതാവ് കെ സി ജോസഫ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ അടക്കം ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. വീടിന് ചുറ്റുമായി നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ച് കൂടിയിരിക്കുന്നത്.
'ഒരു വാക്ക് പറയ് സാറേ.... പുതുപ്പളളി വിട്ട് പോകല്ലേ....., ചതിവിന് കൂട്ടുനിൽക്കല്ലേ...., സാറിന് എന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ വോട്ട് ചെയ്‌ത് തുടങ്ങിയതാണ്. ഇനിയും സാറിന് തന്നെ വോട്ട് ചെയ്യണം...' എന്നിങ്ങനെ പറഞ്ഞായിരുന്നു പ്രവർത്തകരുടെ പൊട്ടികരച്ചിൽ.
ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവർത്തകരടക്കമുളളവരാണ് ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ആൾക്കൂട്ടം എന്നും ആവേശമായ ഉമ്മൻ ചാണ്ടി തനിക്ക് വേണ്ടി ഒന്നിച്ചുകൂടിയവർക്കിടയിൽ പ്രായസത്തോടെയാണ് നിലയുറപ്പിച്ചത്. ഇപ്പോൾ ബൂത്ത് ഭാരവാഹികൾ മുതൽ ഡി സി സി ഭാരവാഹികൾ വരെയുളളവരുമായി വീടിനുളളിൽ അദ്ദേഹം ചർച്ച നടത്തുകയാണ്. ഇതിനുശേഷം നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.