
തിരുവനന്തപുരം: കുമ്മനമല്ല, അമിത്ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നേമം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഹിന്ദു എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയാണെന്നും ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കളായ യുവാക്കൾ, കർഷകർ, തൊഴിലാളികൾ എന്നിവരെ സംരക്ഷിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെക്കുറിച്ചും നേമത്തെക്കുറിച്ചും നന്നായി അറിയുന്നതുകൊണ്ടാണ് ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കാൻ എത്താത്തതെന്നും ശിവൻകുട്ടിയാണ് സ്ഥാനാർത്ഥി എന്നറിഞ്ഞതോടെ ഉമ്മൻചാണ്ടി മത്സരത്തിൽ നിന്നു പിന്മാറി എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി വി. ശിവൻകുട്ടി, എം. വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, അഡ്വ.ജെ. വേണുഗോപാലൻ നായർ, ചാരുപാറ രവി, വർക്കല രവികുമാർ എന്നിവർ പങ്കെടുത്തു.
ക്ഷേമ പെൻഷനുകൾ ഇനിയും വർദ്ധിപ്പിക്കും
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ എല്ലാക്ഷേമ പെൻഷനുകളും വർദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പെൻഷൻ പദ്ധതികളിലും ഉൾപ്പെടാത്ത 60ന് മുകളിൽ പ്രായമുള്ളവർക്കും വീട്ടമ്മമാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ഒരു പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.