
കോട്ടയം: കോൺഗ്രസ് നിശ്‌ചയിച്ച 81 സ്ഥാനാർത്ഥികളിൽ പുതുപ്പളളിയിൽ തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. ബാക്കിവച്ച മറ്റ് നിയോജക മണ്ഡലങ്ങൾ നേമം ഉൾപ്പടെയുളളവയാണ്. നേമത്ത് പല പേരുകളുമുണ്ട്. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ തന്നോട് നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തനിക്ക് പുതുപ്പളളിയിലെ വികാരം മനസിലാക്കണമെന്ന് ഉണ്ടായിരുന്നു. മറ്റൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ബഹളങ്ങളെല്ലാം. പുതുപ്പളളിയെ സംബന്ധിച്ച് ഇന്നലെ തന്നെ അനുമതി കിട്ടിയിട്ടുണ്ട്. പ്രവർത്തകരുടെ വികാരം പൂർണമായി ഉൾക്കൊളളുന്നു. തലമുറകളായി തന്നെ സഹായിച്ചവരാണ് പുതുപ്പളളിക്കാർ. അവരുടെ സ്‌നേഹപ്രകടനങ്ങൾക്ക് മുന്നിൽ അഭിവാദ്യം. അവരുടെ സ്‌നേഹത്തിന്റെ ആഴവും കരുതലും അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പുതുപ്പളളി വിട്ടുപോകുന്ന പ്രശ്‌നമില്ല. എല്ലാ മണ്ഡലങ്ങളിലും കരുത്തർ വേണം. നേമവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ബന്ധമില്ല. നേമത്ത് ഒരു തർക്കവുമില്ല. ആര് വേണമെന്നുളള ചർച്ചകളാണ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ തനിക്ക് തീരുമാനം പറയാനാകില്ല. പുതുപ്പളളിയിൽ മത്സരിക്കുന്ന കാര്യം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.