
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭ രൂപീകരിച്ച ഹെൽത്ത് സ്ക്വാഡ് പല്ലു കൊഴിഞ്ഞ സിംഹമായി മാറി. നഗരസഭയിലെ 100 വാർഡുകളിലും മാലിന്യം തള്ളുന്നത് തടയാൻ ഒരു സ്‌ക്വാഡ് മാത്രമാണുള്ളത്. മാലിന്യം തള്ളുന്നവരെ യഥാസമയം കണ്ടെത്തി പിഴ ചുമത്താൻ പോലും ഇവർക്ക് കഴിയാത്ത സ്ഥിതിയാണ്.
നഗരപരിധിയിൽ നിന്നുമാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ നിന്ന് പോലും വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ വിവിധ ഏജൻസികൾ നഗരത്തിലെ പൊതുഇടങ്ങളിലും ജലസ്രോതസുകളിലും മാലിന്യം കൊണ്ടുവന്ന് തള്ളുന്നുണ്ട്. ഇതാകട്ടെ ജനങ്ങൾക്കും കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
അറവുമാലിന്യം തമിഴ്നാട്ടിലെ സംസ്‌കരണ കേന്ദ്രത്തിന് കൈമാറാൻ തീരുമാനിക്കുകയും ഇതിനായി ഏഴ് ഏജൻസികളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ അടുത്തിടെയായി അറവുശാലകളിൽ നിന്ന് ചില സ്വകാര്യവ്യക്തികൾ മാലിന്യംശേഖരിച്ച് ജലാശയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും തള്ളുന്നത് പതിവായി. ഇതോടെ അറവുശാലകൾ പരിശോധിച്ച് അംഗീകൃത ഏജൻസികൾക്ക് നൽകാത്ത കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് നിലവിലെ തീരുമാനം.
മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഏജൻസികൾ പിക്ക് അപ്പ് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവയാകട്ടെ മാലിന്യങ്ങൾ അശ്രദ്ധമായാണ് ലോഡ് ചെയ്യുന്നത്. മാലിന്യങ്ങൾ വേണ്ടവിധം പൊതിഞ്ഞ് കൊണ്ടുപോകാത്തതിനാൽ തന്നെ വാഹനങ്ങളിൽ നിന്ന് റോഡുകളിലും വീഴുന്നതും പതിവാണ്.
15 ടൺ കോഴി മാലിന്യം
പ്രതിദിനം 12 മുതൽ 15 ടൺ വരെ കോഴി മാലിന്യമാണ് നഗരത്തിൽ ഉണ്ടാകുന്നത്. 246 കോഴി വ്യാപാര കേന്ദ്രങ്ങളാണ് നഗരസഭയിലുള്ളത്. അനധികൃതമായി മാലിന്യ ശേഖരണം നടത്തുന്ന ഏജൻസികളാകട്ടെ കടകളിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് മാലിന്യം ശേഖരിക്കുകയും അവ റോഡുവക്കിൽ തള്ളുകയും ചെയ്യുന്നു. ഇങ്ങനെ മാലിന്യം തള്ളുന്ന വാഹനങ്ങൾക്ക് 10,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്താറുണ്ടെങ്കിലും വാഹനങ്ങൾ തിരിച്ചെടുക്കാൻ ഉടമകൾ എത്താറില്ലെന്നതാണ് പ്രതിസന്ധി. പൊതുയിടങ്ങളിൽ മാലിന്യം തള്ളിയാൽ പിഴ 500 രൂപ മുതൽ 5000 രൂപ വരെയും ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ പിഴ - 25000 രൂപ വരെയുമാണ് നിലവിലെ പിഴ.
അജൈവ മാലിന്യം സംസ്കരണം വീണ്ടും തുടങ്ങാൻ നഗരസഭ
മാലിന്യം വലിയ പ്രശ്നമായതോടെ നഗരത്തിൽ മുടങ്ങിക്കിടന്ന അജൈമാലിന്യ സംസ്‌കരണം കോർപ്പറേഷൻ പുനരാരംഭിക്കാൻ തീരുമാനിച്ചു. നഗരം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന അജൈവമാലിന്യ ശേഖരണ സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചിരുന്നു. തിരഞ്ഞെടുപ്പ് ആയതോടെ നടപടികൾ പുനരാരംഭിക്കാനുമായില്ല. അപ്പോഴേക്കും റോഡുകൾ മാലിന്യം നിറഞ്ഞ് വൃത്തികേടാകുന്ന സ്ഥിതിയായി. പ്രശ്‌നംരൂക്ഷമായതോടെയാണ് നടപടികൾ പുനരാരംഭിച്ചത്. ഈ മാസം 20,25,31 തീയതികളിലാണ് മാലിന്യശേഖരണം. കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസിനു സമീപം, മുടവൻമുകൾ ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, വഞ്ചിയൂർ ജംഗ്ഷൻ, പുത്തരിക്കണ്ടം മൈതാനം, ശ്രീകാര്യം പെട്രോൾ പമ്പിന് സമീപം, കടകംപള്ളി എച്ച്.ഐ ഓഫീസിനു മുൻവശം എന്നിവിടങ്ങളിലാണ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. 20ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും 25ന് ചില്ലുമാലിന്യങ്ങളും 31ന് പഴയ ചെരുപ്പ്, ബാഗ് എന്നിവയാണ് ശേഖരിക്കുന്നത്.