
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടിയുടെ ഏക സിറ്റിംഗ് സീറ്റായ നേമം കൈവിട്ടുപോകാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് ബി ജെ പി. മണ്ഡലം തിരികെപ്പിടിക്കാൻ എൽ ഡി എഫിന്റെ വി ശിവൻ കുട്ടി സർവസന്നാഹങ്ങളുമായി ഇതിനകം മണ്ഡലത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,കെ മുരളീധരൻ, ശശി തരൂർ തുടങ്ങിയ കരുത്തരിലാരെയെങ്കിലും മത്സരിപ്പിക്കാൻ യു ഡി എഫും ശ്രമിക്കുന്നുണ്ട്.
അങ്ങനെ മത്സരം പൊടിപാറുമെന്ന് ഉറപ്പച്ചിരിക്കുന്നതിനിടെയാണ് മണ്ഡലത്തിൽ ബി ജെ പിക്ക് അപ്രതീക്ഷിത പ്രചരണായുധം ലഭിച്ചത്. നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയതായിരുന്നു ഇത്. കൈയാങ്കളി കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചത് ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാനൊരുങ്ങുകയാണ്  ബി.ജെ.പി. കേസിൽ നേമം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയും പ്രതിയാണ്. 
ശിവൻകുട്ടി സ്പീക്കറുടെ വേദിയിലേക്ക് കയറുന്നതിന്റെയും പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും വീഡിയോയും  ചിത്രങ്ങളും പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇവരുടെ പേരിലുള്ള കേസ് പിൻവലിക്കാൻ സർക്കാർ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിക്കാത്തതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കൂടി കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ചതോടെ  ഇപ്പോഴുള്ള മന്ത്രിമാരുൾപ്പെടെ വിചാരണ നേരിടേണ്ടിവരും.