budha

ശ്രീലങ്കയെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന രൂപം ശ്രീബുദ്ധന്റേതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബുദ്ധമതത്തിന് വളരെയേറെ പ്രാധാന്യമുള്ള രാജ്യമാണ് ശ്രീലങ്ക. ഇവിടത്തെ ആളുകളിൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. അതുകൊണ്ടുതന്നെ ബുദ്ധമതവുമായി അടുത്തു നിൽക്കുന്ന നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും ഇവിടെയുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് ഇവിടത്തെ ദളദ മലിഗവ ക്ഷേത്രം അഥവാ ടെമ്പിൾ ഒഫ് ടൂത്ത്. ഇവിടെ ശ്രീബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നു എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്കു താഴെ അശ്രുകണത്തിന്റെ രൂപത്തിൽ കിടക്കുന്ന ശ്രീലങ്ക അറിയപ്പെടുന്നത് ഇന്ത്യയുടെ കണ്ണീർ എന്നാണ്. ഇതിഹാസമായ രാമായണത്തിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള ശ്രീലങ്ക ഭാരതവുമായി അടുത്ത ബന്ധമുള്ള രാജ്യമാണ്. ചരിത്രപരമായും വിശ്വാസപരമായും പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങൾ ശ്രീലങ്കയിൽ കാണാൻ കഴിയും. സിഗിരിയ കോട്ടയും പുരാതന നഗരങ്ങളായ അനുരാധപുര, പോളോണറുവ എന്നിവ കൂടാതെ യാല നാഷണൽ പാർക്കും മിരിസ പട്ടണത്തിനടുത്തുള്ള തിമിംഗില നിരീക്ഷണ ടൂറുകളും എല്ലാം ശ്രീലങ്കൻ കാഴ്ചകളിലെ മുഖ്യാകർഷണമാണ്.

ദളദ മലിഗവ

ദളദ മലിഗവ എന്നത് ഒരു ബുദ്ധ ദന്ത ക്ഷേത്രമാണ്. ശ്രീബുദ്ധന്റെ ഇന്നും നിലനിൽക്കുന്ന ഏക ഭൗതികാവശിഷ്ടമാണ് ഈ പല്ല് എന്നതിനാൽ,​ ബുദ്ധമത വിശ്വാസികൾ ഈ ക്ഷേത്രത്തിന് വളരെയേറെ പ്രാധാന്യം നല്കുന്നു. കാന്റി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ ഖുശിനഗറിൽ വച്ചാണ് ബുദ്ധൻ മോക്ഷം പ്രാപിച്ചത്. അദ്ദേഹത്തിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്ന അരാഹത്ത് കോഹിമ എന്ന ശിഷ്യൻ അദ്ദേഹത്തിന്റെ ചിതയിൽ നിന്ന് മേൽമോണയിലെ ഇടത് കോമ്പല്ല് കൈക്കലാക്കി. അദ്ദേഹം പിന്നീടത് കലിംഗ രാജാവായിരുന്ന ബ്രഹ്മദത്തന് കൈമാറി. പിന്നീട് അവിടം ദന്തപുരി എന്നാണറിയപ്പെട്ടത്. തുടർന്ന് ഏകദേശം 800 വർഷത്തോളം കാലം കലിംഗസാമ്രാജ്യം ഈ പല്ലിന്റെ കാവൽക്കാരായിരുന്നു.

തങ്ങളുടെ കാലശേഷവും ഈ ദന്തം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ച അവസാന കലിംഗ രാജാവായിരുന്ന ശിവഗുഹ,​ ഈ വിശുദ്ധ ദന്തം സംരക്ഷിക്കുന്നതിനായി മകൾ ഹേമമാലിനിയെയും ഏൽപ്പിച്ചു. ഹേമമാലിനിയും ഭർത്താവ് ദന്തനും ചേർന്ന് ഇത് ശ്രീലങ്കയിലെ അനുരാധപുരയിലെ മഹാസെൻ രാജാവിനു കൈമാറാനായിരുന്നു പദ്ധതി. ഹേമമാലിനി തന്റെ മുടിക്കെട്ടിലൊളിപ്പിച്ചാണ് ഇത് കൊണ്ടുപോയത്. എന്നാൽ, അവർ ശ്രീലങ്കയിലെ ട്രിങ്കോമാലിക്കടുത്ത ലിംഗപട്ടണത്ത് കപ്പലിറങ്ങിയപ്പോഴേയ്ക്കും മഹാസെൻ മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ മകൻ കീർത്തി മേഘവാൻ പല്ല് ഏറ്റുവാങ്ങുകയും സൂക്ഷിക്കുകയും ചെയ്തു. അങ്ങനെയാണ് ബുദ്ധന്റെ ദന്തം ശ്രീലങ്കയിലെത്തിയത് എന്നാണ് വിശ്വാസം. ഈ പല്ല് സൂക്ഷിക്കാനായി രാജാവ് അദ്ദേഹത്തിന്റെ കൊട്ടാരത്തിനടുത്ത് തന്നെ ഒരു ക്ഷേത്രം നിർമ്മിച്ചു.

ഡലാഡാ മാലിഗാവ

എന്നാൽ, പിന്നീട് 11ാം നൂറ്റാണ്ടിൽ ശ്രീലങ്കൻ രാജാവ് വിജയഭാനു ഒന്നാമൻ അനുരാധപുരയിൽ നിന്ന് പോളോണാരുവയിലേക്ക് രാജ്യ തലസ്ഥാനം മാറ്റി. ആ സമയം ദിവ്യദന്തം സൂക്ഷിക്കാൻ സൂക്ഷിക്കാൻ അദ്ദേഹം ഒരു ക്ഷേത്രവും അതിൽ ഒരു ചതുഷ്‌കോണ മണ്ഡപവും നിർമ്മിച്ചു.

ഈ ദന്തം സൂക്ഷിക്കുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ഇവിടുത്തെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത് സംരക്ഷിക്കുക എന്നത് ഭരിക്കുന്ന രാജാക്കന്മാരുടെ കടമയായിരുന്നു. ഇതിനായി അവർ പ്രത്യേക കൊട്ടാരവും നിർമ്മിച്ചിരുന്നു. ഈ ക്ഷേത്രം പല തവണ തമിഴ് പുലികൾ ആക്രമിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വളരെ വേഗത്തിൽ തന്നെ പുനർനിർമ്മിക്കുകയും ചെയ്തു. ഇന്നത്തെ ദളദ മാലിഗാവ കൊട്ടാരത്തോട് ചേർന്നു തന്നെയാണിത് നിർമ്മിച്ചിരിക്കുന്നത്.

വിശ്വാസവും യാഥാർത്ഥ്യവും

എന്നാൽ, പോർച്ചുഗീസുകാർ ശ്രീലങ്കയിലുണ്ടായിരുന്ന സമയത്ത് ഇവിടെ സൂക്ഷിച്ചിരുന്ന യഥാർത്ഥ പല്ല് കത്തിച്ചുകളഞ്ഞുവെന്ന ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിവിടെയുള്ളത് കൃത്രിമ ദന്തമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ബുദ്ധന്റെ പല്ലു സൂക്ഷിച്ചിരിക്കുന്നുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ഡാലാഡ മാലിഗാവ ക്ഷേത്രം. കാന്റിയിലെ ക്ഷേത്രത്തിൽ ഏഴ് പേടകങ്ങൾക്കുള്ളിലായി സ്തൂപത്തിന്റെ ആകൃതിയിലാണ് ഈ ദന്തം സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാണ് ഈ പേടകം സൂക്ഷിച്ചിരിക്കുന്നത്. എല്ലാ വർഷവും ഓഗസ്റ്റിൽ എസല ഉത്സവകാലത്ത് ഈ ദന്താവശിഷ്ടം ഒരു പേടകത്തിലാക്കി കാന്റിയിൽ പ്രദക്ഷിണം നടത്താറുണ്ട്. ദളദ പെരഹേര അഥവ എസല പെരഹേര എന്നാണ് ഈ പ്രദക്ഷിണത്തിന് പറയുന്നത്. ബുദ്ധ വിശ്വാസികൾ ധാരാളമായി എത്തിച്ചേരുന്ന ചടങ്ങ് കൂടിയാണിത്.കൊട്ടാരത്തിന്റെ ഭാഗമായ ക്ഷേത്രത്തിൽ തടിയിലും സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിച്ച എണ്ണിത്തീരാത്തത്ര ബുദ്ധ പ്രതിമകളുണ്ട്. ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലായി ആനക്കൊമ്പുകളും, വിഗ്രഹങ്ങളും കാണാൻ സാധിക്കും.