sandeep-warrier-

ന്യൂഡൽഹി: ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തൃത്താലയിൽ സ്ഥാനാർത്ഥിയായേക്കും. സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വരുത്തി സന്ദീപ് വാര്യരെ തൃത്താലയിലേക്ക് നിയോഗിച്ചതായാണ് സൂചന. മണ്ഡലത്തിൽ നിലവിലെ എം എൽ എയായ കോൺഗ്രസിന്റെ യുവ നേതാവ് വി ടി ബൽറാമിനെ സി പി എം നേതാവ് എം ബി രാജേഷ് നേരിടുന്ന പോരാട്ടം ഇതിനകം തന്നെ വലിയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബി ജെ പിയിലെ ശക്തനായ യുവ നേതാവ് സന്ദീപ് വാര്യർ കൂടി മണ്ഡലത്തിൽ മത്സരിക്കാനെത്തുമെന്ന വിവരം പുറത്തുവരുന്നത്.

രണ്ടു തവണയായി തൃത്താലയിലെ എം എൽ എയാണ് വി ടി ബൽറാം. നേരത്തെ പാലക്കാട് എം പിയായിരുന്ന എം ബി രാജേഷിന് തൃത്താല പിടിക്കുക എന്നത് അഭിമാന പോരാട്ടമാണ്. രണ്ട് യുവ നേതാക്കൾ തമ്മിലുളള പോരാട്ടം എന്ന നിലയിൽ പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ തൃത്താല താരമണ്ഡലങ്ങളിലൊന്നായി കഴിഞ്ഞിരുന്നു.

ബി ജെ പിക്ക് കാര്യമായ വോട്ടുളള മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ആരെന്നത് നിർണായകമാണ്. സന്ദീപ് വാര്യർ തൃത്താലയിൽ സ്ഥാനാർത്ഥിയാവുന്നതോടെ യുവ നേതാക്കൾ തമ്മിലുളള കടുത്ത ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക. ബി ജെ പിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.