
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിലേക്ക്. അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.എൺപത്തിമൂന്നുകാരനായ യശ്വന്ത് സിൻഹ 2018ലാണ് ബി ജെ പി വിട്ടത്.
1998 മുതല്‍ 2002 വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും, 2002 ജൂലായ് മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു യശ്വന്ത് സിൻഹ. . 2014ല്‍ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതുമുതലാണ് സിൻഹയും ബി ജെ പിയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് 2018ൽ പാർട്ടി വിട്ടു.
യശ്വന്ത് സിൻഹ 1960 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു . 24 വർഷത്തെ സർവീസിന് ശേഷം 1984ൽ ജനതാപാർട്ടി അംഗത്വമെടുത്തു. 1986ൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി, അതേ വർഷം തന്നെ രാജ്യസഭയിലുമെത്തി. 1989ൽ ജനതാദൾ രൂപീകരിച്ചപ്പോൾ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി. 1996ലാണ് യശ്വന്ത് സിൻഹ ജനതാദൾ വിട്ട് ബി ജെ പിയിലെത്തിയത്.