
പത്തനംതിട്ട: സി പി എം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുമ്പോൾ പരോക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കൊവിഡിനേയും പ്രളയത്തേയുമെല്ലാം അതിജീവിച്ചത് മുഖ്യമന്ത്രിയുടെ മിടുക്കുകൊണ്ടാണെന്ന പാർട്ടി പ്രചാരണം നടക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് കൂടിയായ ബേബി ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളം അടുത്തിടെ കണ്ട പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്നാണ് എം എ ബേബി വിമർശിച്ചത്. തിരുവല്ലയിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ കോർത്തിണക്കിയുളള പ്രവർത്തനമാണ് അതിജീവനത്തിന് പിന്നിലെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ വിശദീകരണം.
കാര്യങ്ങൾ സൂക്ഷ്‌മമായി പഠിക്കുന്നതും സ്വീകരിക്കുന്ന നടപടികൾ അന്നന്ന് ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്. ഏത് പ്രതിസന്ധിയെയും നേരിടാൻ കേരളത്തിന് ചങ്കുറപ്പുണ്ട്. ആ ചങ്കുറപ്പിനെ ആശ്രയിച്ച് ഏത് പ്രതിസന്ധിയേയും നേരിടാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഉണ്ടായിരുന്നുവെന്നും ബേബി കൂട്ടിച്ചേർത്തു.