
''നിങ്ങൾ നിഷേധാത്മകമായ കാര്യങ്ങൾ കാണുകയാണേൽ മാറിപോവുക മാത്രം ചെയ്യുക ..'' അഹാന കൃഷ്ണയ്ക്ക് എതിരെ വരുന്ന നിഷേധാത്മകമായ പരാമർശങ്ങളോട് താരത്തിന് പറയാനുള്ളത് ഇത്രമാത്രമാണ്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് വിവാദ അമ്പുകൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള താര സുന്ദരി അഹാനയായിരിക്കും . എന്നാൽ തനിക്ക്നേരെ വരുന്ന വിവാദങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ട് അഹാന.
പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയെന്ന് അച്ഛനും നടനുമായ കൃഷ്ണകുമാർ ഉയർത്തിയ ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ താൻ പൃത്വിരാജ് ആരാധികയാണെന്നും ഈ നാടകത്തിൽ തനിക്ക് പങ്കില്ലെന്നും പറഞ്ഞു അഹാന ആരോപണം തള്ളുകയായിരുന്നു.
വിവാദങ്ങൾക്കിടയിൽ താരം സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ച കറുത്ത വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുന്ന ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. കറുത്ത പാന്റും കറുത്ത ടോപ്പും ഹൈഹീൽഡ്സും അണിഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രം പകർത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സണാണ്. താൻ നെഗറ്റിവിറ്റികളെ മൈൻഡ് ചെയ്യാറില്ലെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് അഹാന പറയുന്നു. ഇപ്പോൾ സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി അഹാന പോണ്ടിച്ചേരിയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് . നേരത്തെ താരം സൈബർ ബുള്ളിയിംഗിനെതിരെ ഇട്ട വീഡിയോ ഏറെ വൈറലായിരുന്നു. ഇൻസ്റ്റാഗ്രാമിലും തന്റെ യൂട്യൂബ് ചാനലിലും സജീവമാണ് അഹാന. അഹാന മാത്രമല്ല അച്ഛൻ കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണകുമാർ , സഹോദരിമാർ ദിയ,ഇഷാനി ,ഹൻസിക എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്. എല്ലാവരും യൂട്യൂബ് ചാനലിൽ സജീവമാണ്,
നാൻസിറാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അഹാനയ്ക്ക് കൊവിഡ് പോസിറ്റീവായതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ ക്വാറന്റൈൻ ദിനങ്ങളുടെ അനുഭവവും താരം തുറന്നു പറഞ്ഞിരുന്നു. അഹാനയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് . ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഹാന എത്തുന്നുണ്ട്. അജു വർഗീസ് ,അർജുൻ അശോകൻ ,ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോട്ടയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അതോടൊപ്പം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയിലും പ്രധാന വേഷമായി അഹാന എത്തുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി. അഹാനയ്ക്ക് പുറമെ ഷൈൻ ടോം ചാക്കോ ,ധ്രുവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന സണ്ണി വയ്ൻ ചിത്രം പിടികിട്ടാപ്പുള്ളിയിലും നായികയായി അഹാനയാണ് എത്തുന്നത്. അരുൺ ബോസ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ലൂക്കയാണ് അഹാനയുടെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം.