
ന്യൂഡൽഹി:എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി തുടരുമെന്നും, എന്നാൽ പ്ലസ്ടുതലത്തിൽ ഈ വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന നിർബന്ധമില്ലെന്നും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ). 2021-22 അദ്ധ്യായന വർഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവൽ ഹാൻഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയിട്ടുള്ളത്.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് പോലുള്ളവയ്ക്ക് ഫിസിക്സ്, കണക്ക്,കെമിസ്ട്രി എന്നിവ പ്രധാന വിഷയങ്ങളായി തുടരും.എന്നിരുന്നാലും, ടെക്‌സ്റ്റൈൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ അല്ലെങ്കിൽ ബയോടെക്‌നോളജി പോലുള്ള വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഓപ്ഷൻ ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്.
പ്ലസ്ടു തലത്തിൽ മാത്‌സ്, ഫിസിക്സ് വിഷയങ്ങൾക്കൊപ്പം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ എന്നിവ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇതുവരെ ബി.ഇ/ബി.ടെക് കോഴ്സ് പ്രവേശനത്തിനുള്ള അർഹത.
ഫിസിക്സ്, കെമിസ്ട്രി,കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിച്ചിട്ടില്ലാത്ത, കോഴ്സിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് അതാത് സർവകലാശാലകൾ ബ്രിഡ്ജ് കോഴ്സ് പ്രദാനം ചെയ്യുമെന്നും എ.ഐ.സി.ടി.ഇ ഹാൻഡ് ബുക്കിൽ അറിയിച്ചിട്ടുണ്ട്.