
കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ പേര് നേമം മണ്ഡലത്തിൽ വന്നതിന് പിന്നിൽ സംഘടിത ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉമ്മൻ ചാണ്ടിയൊന്നും ഒരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. തനിക്ക് വട്ടിയൂർക്കാവിനോടുളളത് കുടുംബബന്ധമാണ്. ഈ ബന്ധമാണ് ഉമ്മൻ ചാണ്ടിയ്‌ക്ക് പുതുപ്പളളിയിലും ചെന്നിത്തലയ്‌ക്ക് ഹരിപ്പാടുമുളളതെന്നും മുരളീധരൻ പറഞ്ഞു.
നേമം പിടിച്ചെടുക്കുകയെന്ന് പറഞ്ഞ് അങ്ങോട്ട് പോയാൽ പുതുപ്പളളിയും കൂടി പോകും. ഉമ്മൻ ചാണ്ടി മണ്ഡലം വിട്ടുപോയാൽ ആ വിരോധം കൂടി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴയ്‌ക്കുന്നതിനോട് യോജിപ്പില്ല. നേമത്തേക്ക് മാറ്റിയാലുളള റിയാക്ഷൻ പുതുപ്പളളിയിലുണ്ടാകും. നേമം കോൺഗ്രസ് ഏറ്റെടുക്കുന്നതിന് പകരം ശക്തൻ വരും അതിശക്തൻ വരും എന്നൊക്കെ പറഞ്ഞ് ഒരുപാട് പ്രതീക്ഷകളായി. ഇനിയിപ്പോൾ ഒരു സംസ്ഥാന നേതാവ് വന്നാൽ തന്നെ ഉമ്മൻ ചാണ്ടിയേയും രമേശിനേയും പരിഗണിച്ചിടത്ത് ഈ നേതാവ് പോരെന്ന് മാർക്‌സിസ്റ്റ് പാർട്ടി പ്രചാരണം നടത്തും. ഇത് കോൺഗ്രസും ബി ജെ പിയും തമ്മിലുളള ധാരണയായി സി പി എമ്മുകാർ പറയുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇനിയിപ്പോൾ ശക്തനായ സ്ഥാനാർത്ഥി തന്നെ വരണം. 24 മണിക്കൂറേയുളളൂ. നാളെയെങ്കിലും തീരുമാനം വരണം. നിങ്ങൾ നേമത്ത് മത്സരിക്കാൻ തയ്യാറാണോയെന്ന് ഹൈക്കമാൻഡിന്റെ ഒരു പ്രതിനിധിയും തന്നോട് ചോദിച്ചിട്ടില്ല. നേമത്ത് മത്സരിക്കുന്നതിന് പകരമായി മുഖ്യമന്ത്രി സ്ഥാനം ചോദിക്കാൻ അത്രയ്‌ക്ക് ചീപ്പായ ഒരാളല്ല. ഏത് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പക്ഷേ പ്രതിഫലം ചോദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.