
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ പ്രവർത്തകർ തടിച്ചുകൂടിയതിനെയും ഉമ്മൻ ചാണ്ടിയുടെ വീടിനുമുകളിൽ കയറി പ്രവർത്തകരിൽ ഒരാൾ ആത്മഹത്യ ഭീഷണി മുഴക്കിയതിനെയും ട്രോളി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. വധു ഡോക്ടറാണ് എന്ന ചിത്രത്തിൽ ഇന്ദ്രൻസ് വീടിന് മുകളിൽ കയറിയിരിക്കുന്ന ചിത്രത്തോടൊപ്പമാണ് അയ്യോ അച്ഛാ പോവല്ലേ എന്ന തലക്കെട്ടിലുള്ള റഹീമിന്റെ പോസ്റ്റ്.
ഇന്ന് രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ പ്രവർത്തകരുടെ വികാര പ്രകടനങ്ങളുണ്ടായത്.ഡൽഹിയിൽ നിന്നും പുതുപ്പളളിയിലെത്തിയ ഉമ്മൻ ചാണ്ടിയെ വലിയ വരവേൽപ്പ് നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കാർ തടഞ്ഞിട്ടായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളി. ഒടുവിൽ ഏറെ പാടുപെട്ടാണ് ഉമ്മൻ ചാണ്ടിക്ക് വീടിന് അകത്തേക്ക് കയറാൻ പറ്റിയത്. 'ഒരു വാക്ക് പറയ് സാറേ.... പുതുപ്പളളി വിട്ട് പോകല്ലേ....., ചതിവിന് കൂട്ടുനിൽക്കല്ലേ.... എന്നൊക്കെ പ്രവർത്തകർ വിളിച്ചുപറയുന്നുണ്ടായിരുന്നു ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകനായ ഒരാൾ ഉമ്മൻ ചാണ്ടിയുടെ വീടിനുമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോൺഗ്രസിന്റെ പതാകയും ഇയാൾ പിടിച്ചിരുന്നു. ഒടുവിൽ ഉമ്മൻ ചാണ്ടി പ്രവർത്തകനെ നേരിട്ട് ഫോണിൽ വിളിച്ച് താഴെയിറക്കുകയായിരുന്നു.