vaccine

വാഷിംഗ്ടൺ: അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. വാക്സിന്റെ അടിയന്തര ഉപയോഗത്തിനും വിതരണത്തിനും അനുമതി നല്കിയിട്ടുണ്ട്. ഫൈസർ ബയോടെക്, അസ്ട്രസെനക എന്നീ കമ്പനികളുടെ വാക്സിനുകൾക്ക് ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നൽകുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. ഒറ്റ ഡോസ് വാക്സിനാണെന്നതാണ് ഇതിന്റെ പ്രത്യേകത.

പുതിയ വാക്സിന് അംഗീകാരം നൽകിയതിലൂടെ കൊവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റ ഡോസ് വാക്സിനാണെന്നതിനാൽ രോഗം രൂക്ഷമായ രാജ്യങ്ങളിൽ ഇത് കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് ഡബ്ലിയു.എച്ച്.ഒ വിലയിരുത്തി. അമേരിക്കയും കാനഡയും വാക്സിന് നേരത്തെ അനുമതി നൽകിയിരുന്നു. ഈ വർഷാവസാനത്തോടെ ഒരു ബില്ല്യൺ വാക്സിൻ വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി അധികൃതർ വ്യക്തമാക്കി.